കണ്ണൂര്‍- പാര്‍ട്ടി ഗ്രാമത്തില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചതിനെത്തുടര്‍ന്ന് കുടുംബവീട്ടില്‍നിന്ന് ഇറക്കിവിട്ട രഞ്ജിതക്ക് ഇനി അന്തിയുറങ്ങാന്‍ ഹീര ഭവന്‍. നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി മുന്‍കൈയെടുത്ത് പ്രധാനമന്ത്രിയുടെ മാതാവിന്റെ നാമധേയത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ പാലുകാച്ചല്‍ നടന്നു. സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഗൃഹപ്രവേശം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്രാമമായ ചെറുതാഴം പഞ്ചായത്തിലെ അതിയടം പത്താം വാര്‍ഡിലാണ് സി.പി.എം ഭീഷണി വകവെക്കാതെ രഞ്ജിത ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്. ഇതിന്റെ പേരിലാണ് രഞ്ജിതക്ക് വീടുവിട്ടിറങ്ങേണ്ടിവന്നത് . സി.പി.എം ശക്തികേന്ദ്രമായ, പ്രതിപക്ഷം പോലുമില്ലാത്ത പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ 138 വോട്ട് രഞ്ജിത നേടിയിരുന്നു. തുടര്‍ന്നാണ് അമ്മയ്ക്ക് അവകാശമുള്ള കുടുംബ വീട്ടില്‍നിന്ന് സി.പി.എം ഭീഷണിയെ തുടര്‍ന്ന് അച്ഛനും അമ്മയും 3 വയസുള്ള മകള്‍ക്കുമൊപ്പം രഞ്ജിതക്ക് പുറത്തു പോകേണ്ടി വന്നത്.
തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വാടകവീട്ടിലയിരുന്നു താമസം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ആണ് ഈ വിഷയം സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പെടുത്തിയത്. രഞ്ജിതക്ക് വീടുവെച്ചു നല്‍കുമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അതിയടം വീരന്‍ ചിറയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്നിന്റെ പേരില്‍ രഞ്ജിതക്കായ് വീടു നിര്‍മ്മാണം ആരംഭിച്ചത്.
പാലുകാച്ചല്‍ ചടങ്ങില്‍ സുരേഷ് ഗോപിക്ക് പുറമെ, ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മുന്‍ ജില്ലാ പ്രസിഡന്റ് കെ.വി.സത്യപ്രകാശ്, പ്രഭാകരന്‍ കടന്നപ്പള്ളി, കെ.തമ്പാന്‍, ബിജു എളക്കുഴി, വി.വി.മനോജ്, മധു മാട്ടൂല്‍, സി. വി. പ്രശാന്ത്, സി.നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.