Sorry, you need to enable JavaScript to visit this website.

ടി. പത്മനാഭനെ കാണാന്‍ പുതിയ സ്പീക്കറെത്തി

കണ്ണൂര്‍ - നിയമസഭാ സ്പീക്കറായി ചുമതലയേറ്റ എ.എന്‍. ഷംസീര്‍ പ്രമുഖ ചെറുകഥാകൃത്ത് ടി.പത്മനാഭനെ സന്ദര്‍ശിച്ചു. രാവിലെ പത്മനാഭന്റെ വീട്ടിലെത്തിയ ഷംസീര്‍, സ്പീക്കര്‍ എന്ന് മുദ്രണം ചെയ്ത പേന അദ്ദേഹത്തിന് സമ്മാനിച്ചു. പത്മനാഭന്റെ കഥകളെക്കുറിച്ചും കഥാസന്ദര്‍ഭങ്ങളെകുറിച്ചുമുള്ള ഓര്‍മ്മകള്‍ ഷംസീര്‍ പങ്കുവച്ചു. കഥാപാത്രം എഴുത്തുകാരന് ഓണക്കോടി സമ്മാനിച്ചതിന്റെ വിശേഷമായിരുന്നു പത്മനാഭന് പറയാനുണ്ടായിരുന്നത്. നോ പ്രോബ്‌ളം എന്ന  കഥയിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ വിശ്വം തന്റെ സുഹൃത്ത് വഴി ഇക്കുറി പ്രിയപ്പെട്ട എഴുത്തുകാരന് ഖാദിയുടെ മേല്‍ത്തരം കുപ്പായത്തുണിയും ഡബിള്‍ മുണ്ടും സമ്മാനിച്ചു. ആദ്യമായാണ് ഒരു കഥാപാത്രം അതിന്റെ സ്രഷ്ടാവിന് ഓണക്കോടി സമ്മാനമായി നല്‍കുന്നതെന്നായിരുന്നു പത്മനാഭന്റെ വിലയിരുത്തല്‍. യാത്രകളെക്കുറിച്ചും കഥകളില്‍ സാന്നിധ്യമാവുന്ന വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയെക്കുറിച്ചുമെല്ലാം ഷംസീര്‍ തന്റെ ധാരണകള്‍ പങ്കുവച്ചു. ഒടുവില്‍ തന്റെ പുതിയ പുസ്തകമായ 'പത്മനാഭന്റെ കുട്ടികള്‍ ' എന്ന സമാഹാരത്തില്‍ കയ്യൊപ്പിട്ട് നല്‍കി പത്മനാഭന്‍ സ്പീക്കറെ യാത്രയാക്കി.
കെ.വി സുമേഷ് എം.എല്‍.എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ചിറയ്ക്കല്‍ കോ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് പി. പ്രശാന്തന്‍ എന്നിവരും സംബന്ധിച്ചു.

 

 

Latest News