തിരുവനന്തപുരം- മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മന്ത്രിമാര്‍ വിദേശത്ത് പോയി ആകെ കൊണ്ടുവന്നിട്ടുള്ളത് മസാല ബോണ്ട് മാത്രമാണ്. ഈ യാത്രകള്‍ കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്നും സതീശന്‍ ചോദിച്ചു.
വലിയ പ്രതികരണങ്ങളാണ് ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐതിഹാസിക യാത്രയായി ഇത് മാറും. 29ന് കേരള അതിര്‍ത്തി കടക്കും വരെ മികച്ച സംഘാടനം ഉറപ്പാക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. യാത്രയുടെ റൂട്ട് തീരുമാനിക്കുന്നത് എ. കെ. ജി സെന്ററില്‍ നിന്നല്ല. മോഡിയേയും ഫാസിസത്തേയും വിമര്‍ശിക്കുമ്പോള്‍ എന്തിനാണ് സി. പി. എമ്മിന് അസ്വസ്ഥതയെന്നും സതീശന്‍ പരിഹസിച്ചു.
കെ. ഫോണില്‍ അടിമുടി ദുരൂഹതയാണുള്ളത്. പദ്ധതി തുടങ്ങിയപ്പോള്‍ മുതലുള്ള ദൂരൂഹതയാണിതെന്നും സതീശന്‍ ആരോപിച്ചു. ടെണ്ടര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കരാര്‍ നല്‍കിയിട്ടുള്ളത്. പദ്ധതി 83 ശതമാനം പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും കണക്ഷന്‍ കിട്ടിയില്ല. കെ. ഫോണില്‍ വന്‍ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നും ആരോപിച്ച സതീശന്‍ ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.