- ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോർ പിന്തുടരാനാവാതെ മുംബൈ
മുംബൈ - ഐ.പി.എല്ലിലെ ഈ സീസണിലെ ഏറ്റവും ചെറിയ സ്‌കോർ പിന്തുടരാനാവാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് നാണം കെട്ട തോൽവി വാങ്ങി. പരിക്കേറ്റ മുൻനിര ബൗളർമാരായ ഭുവനേശ്വർകുമാറും ബില്ലി സ്റ്റാൻലെകെയുമില്ലാതെ ഇറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ദയനീയമായ ബാറ്റിംഗ് പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്. 118 റൺസ് പ്രതിരോധിച്ച് മുംബൈയെ 87 റൺസിന് ഓളൗട്ടാക്കിയ ഹൈദരാബാദ് 31 റൺസിന്റെ അപ്രതീക്ഷിത വിജയമാണ് ആഘോഷിച്ചത്. ആറു കളിയിൽ അഞ്ചാം തോൽവി വാങ്ങിയ ചാമ്പ്യന്മാർക്ക് ഇനി തിരിച്ചുവരവ് പ്രയാസമാവും. സ്‌കോർ: ഹൈദരാബാദ് 18.4 ഓവറിൽ 118, മുംബൈ 18.5 ഓവറിൽ 87 ഓളൗട്ട്. ഓപണർ സൂര്യശേഖർ യാദവും (38 പന്തിൽ 34) ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുമൊഴിച്ചാൽ (20 പന്തിൽ 24) മുംബൈയുടെ ഒരു ബാറ്റ്‌സ്മാനും പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളിൽ തല്ലു കിട്ടിയ സ്റ്റാർ ലെഗ്‌സ്പിന്നർ റാഷിദ് ഖാൻ ഉജ്വലമായി തിരിച്ചുവന്ന കളിയിൽ (4-1-11-2) ഹൈദരാബാദിന്റെ എല്ലാ ബൗളർമാർക്കും വിക്കറ്റ് കിട്ടി. പതിനേഴാം ഓവർ റാഷിദ് മെയ്ഡനാക്കി. മലയാളി പെയ്‌സ്ബൗളർ ബെയ്‌സിൽ തമ്പിയാണ് 11 പന്തിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത് മത്സരം അവസാനിപ്പിച്ചത്.
അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബൗളർമാർ എതിരാളികളെ 118 ന് പുറത്താക്കിയപ്പോൾ കളി ഇങ്ങനെ തിരിയുമെന്ന് ആരും കരുതിയിരുന്നില്ല. ഈ ഐ.പി.എല്ലിലെ ഏറ്റവും ചെറിയ സ്‌കോറായിരുന്നു ഇത്. പവർപ്ലേയുടെ ആറോവർ പിന്നിടുമ്പോഴേക്കും നാലിന് 46 ലേക്ക് കൂപ്പുകുത്തിയിരുന്നു ഹൈദരാബാദ്. ശിഖർ ധവാനും (5) വൃദ്ധിമാൻ സാഹയും (0) തുടരെ പുറത്തായി. മനീഷ് പാണ്ഡെക്ക് (16) ഒരിക്കൽ കൂടി അവസരം മുതലാക്കാനായില്ല.
തുടർച്ചയായ രണ്ടാമത്തെ കളിയിലും വില്യംസനും (21 പന്തിൽ 29) യൂസുഫ് പഠാനുമാണ് (33 പന്തിൽ 29) പൊരുതാനുണ്ടായിരുന്നത്. വില്യംസൻ അഞ്ച് ബൗണ്ടറിയടിച്ചു. കഴിഞ്ഞ മത്സരത്തിൽ പരിക്കു കാരണം വിട്ടുനിന്ന ശേഷം തിരിച്ചുവന്ന ശിഖറിന് ഇത്തവണ മിച്ചൽ മക്‌ലാഗന്റെ പന്ത് തുടയിൽ കൊണ്ടതിന്റെ വേദനയനുഭവിക്കേണ്ടി വന്നു. തൊട്ടടുത്ത പന്തിൽ ശിഖർ പുറത്തായി.
മുംബൈ ഓപണർ എവിൻ ലൂയിസിനെയും (5) പകരം വന്ന ഇഷാൻ കിഷൻ (0), ക്യാപ്റ്റൻ രോഹിത് ശർമ (2) എന്നിവരെയും പവർപ്ലേ ഓവറുകളിൽ തന്നെ ഹൈദരാബാദ് മടക്കിയപ്പോഴും ആരും തോൽവി പ്രതീക്ഷിച്ചില്ല. എന്നാൽ കെരോൺ പോളാഡ് (9), ഹാർദിക് പാണ്ഡ്യ (19 പന്തിൽ 3) എന്നിവരും വന്ന വഴി മടങ്ങി.