പാലക്കാട്- സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. 14 ജില്ലകളിലായി 170 ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയത്. ഒരു മാസം ശരാശരി 10 പേര്‍ക്ക് തെരുവുനായ കടിയേല്‍ക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്‌സ്‌പോട്ടായി പരിഗണിക്കുന്നത്. തലസ്ഥാനമായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഹോട്ട് സ്‌പോട്ടുകള്‍. 28 എണ്ണമാണ് തിരുവനന്തപുരത്തുള്ളത്. രണ്ടാംസ്ഥാനം പാലക്കാടാണ്. 26 ഹോട്ട് സ്‌പോട്ടുകളുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 19 ഹോട്ട്‌സ്‌പോട്ടുകള്‍ വീതമുണ്ട്. എറണാകുളത്ത് 14, തൃശൂര്‍ 11, കോഴിക്കോട് 11, മലപ്പുറം 10, പത്തനംതിട്ട എട്ട്, കണ്ണൂര്‍ എട്ട്, വയനാട് ഏഴ്, കോട്ടയം അഞ്ച്, കാസര്‍കോട് മൂന്ന്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുള്ളത്.
മൃഗസംരക്ഷണ വകുപ്പ് 2019 ല്‍ നടത്തിയ സര്‍വെ പ്രകാരം സംസ്ഥാനത്ത് 2.89 ലക്ഷം തെരുവുനായകളും ഒമ്പതു ലക്ഷം വളര്‍ത്തുമൃഗങ്ങളുമുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ, ഇതില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നു. തെരുവ് നായ്ക്കള്‍ക്ക് സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങുകയാണ്. ഈ മാസം 20 മുതല്‍ ഇത് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി മന്ത്രി ജെ ചിഞ്ചുറാണി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.