തിരുവനന്തപുരം- എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ പെണ്‍കുട്ടിയെയും കണ്ടെത്തി. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒപ്പം ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്. സഹോദരന്‍ വൈകിട്ടോടെ അയ്യമ്പള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. വൈകിട്ടോടെയാണ് അഞ്ജനയെ പോലീസ് കണ്ടെത്തിയത്. ഇവരെ എറണാകുളത്തേക്ക് കൊണ്ടുവന്നു.
എറണാകുളം അയ്യംമ്പള്ളിയില്‍ നിന്നും ഇന്നലെ കാണാതായ സഹോദരങ്ങളില്‍ അക്ഷയ് വൈകിട്ട് 4 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ട് ഇരുവരെയും ഒരുമിച്ച് കണ്ടതായി പോലീസിന് ദ്യക്‌സാക്ഷി വിവരം ലഭിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ എവിടെ വെച്ചാണ് പിരിഞ്ഞത് എന്നതില്‍ വ്യക്തതയില്ല. അക്ഷയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ മുനമ്പം പോലീസ് ചോദിച്ചറിഞ്ഞു.
അഞ്ജന തിരുവനന്തപുരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വര്‍ക്കലയില്‍ എത്തി എന്ന വിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിരുന്നു. അതിനിടയിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്.
അയ്യമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നീ സഹാേദരങ്ങളെയാണ് കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പോലീസില്‍ പരാതി നല്‍കിയത്.