പത്തനംതിട്ട- പത്തനംതിട്ട വെട്ടിപ്രത്ത് മജിസ്‌ട്രേട്ടിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് സമീപത്തുവെച്ച് ജൂവലറിയിലെ സുരക്ഷാജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ വെട്ടിപ്രത്തും പത്തനംതിട്ട നഗരത്തിലുമായി രണ്ടു സംഭവവും നടന്നത്.പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനാണ് വെട്ടിപ്രത്തുവെച്ച് തെരുവുനായയുടെ കടിയേറ്റത്. താമസസ്ഥലത്തിന് സമീപത്തെ മൈതാനത്ത് രാത്രി നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിന്റെ കാലിനാണ് പരിക്ക്. ഏകദേശം എട്ടുമണിയോടെ തന്നെയാണ് പത്തനംതിട്ട നഗരത്തിലെ ഒരു ജൂവലറിയിലെ സുരക്ഷാജീവനക്കാരനായ പ്ലാപ്പള്ളി സ്വദേശിക്കും നായയുടെ കടിയേറ്റത്. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ മജിസ്‌ട്രേട്ടിനെയും സുരക്ഷാജീവനക്കാരനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയും പ്രതിരോധ കുത്തിവെപ്പ് കൊടുക്കുകയും ചെയ്തു.