റിയാദ്- ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴ ദ്വീപിന്റെ തനത് വിഭവങ്ങളുമായി സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ നടന്നുവരുന്ന ശ്രീലങ്കന്‍ ഭക്ഷ്യമേള ശനിയാഴ്ച സമാപിക്കും. ദ്വീപിന്റെ സ്വന്തം സുഗന്ധവ്യജ്ഞനങ്ങളും പഴങ്ങളും പച്ചക്കറികളും അരിയും നാളികേര ഉല്‍പന്നങ്ങളും ഒരു കുടക്ക് കീഴില്‍ ഒരുക്കിയാണ് ബെസ്റ്റ് ഓഫ് ശ്രീലങ്ക എന്ന പേരില്‍ മേള നടന്നുവരുന്നത്.
ഞായറാഴ്ച റിയാദ് മലസിലെ ലുലുഹൈപര്‍മാര്‍ക്കറ്റില്‍ സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ ഹംസയാണ് മേള ഉദ്ഘാടനം ചെയ്തത്.
മുന്തിയ തരം ഗ്രാമ്പു, കുരുമുളക്, കറുവപ്പട്ട, മഞ്ഞള്‍, ഔഷധക്കൂട്ടുകള്‍, തേയില, കോക്കനട്ട് ക്രീം, വെളിച്ചെണ്ണ, നാളികേരപൊടി, താങ്ങാപാല്‍, പഴം, പച്ചക്കറി വൈവിധ്യങ്ങള്‍ എന്നിവ മേളയിലുണ്ട്.
ശ്രീലങ്കയും അറബ് രാജ്യങ്ങളും തമ്മില്‍ നൂറ്റാണ്ടുകളുടെ വ്യാപാരബന്ധമുണ്ടെന്നും അറബ് കിച്ചണുകളില്‍ ഇന്നും ശ്രീലങ്കന്‍ വിഭവങ്ങളുടെ സാന്നിധ്യമുണ്ടെന്നും ശ്രീലങ്കയുടെ തനത് രുചി ക്കൂട്ടുകള്‍ ആസ്വദിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ ഹംസ പറഞ്ഞു.
ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ് തുടങ്ങിയ കൊളോണിയല്‍ സ്വാധീനവും ദക്ഷിണേന്ത്യ, ഇന്തോനേഷ്യ എന്നിവയുടെ സാംസ്‌കാരിക സ്വാധീനവും ഇഴചേര്‍ന്ന ശ്രീലങ്കയുടെ പാചകപാരമ്പര്യം ഉപഭോക്താക്കളെ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യമെന്നും ശ്രീലങ്കയിലെ തങ്ങളുടെ സ്വന്തം സ്രോതസ്സുകളില്‍ നിന്ന് നേരിട്ടാണ് ഇവ എത്തിക്കുന്നതെന്നും സൗദി ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു.