ന്യൂദൽഹി- 2019 ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ. ജൂൺ രണ്ടിനാണ് നേരത്തെ ഇന്ത്യയുടെ മത്സരം നിശ്ചയിച്ചത്. എന്നാൽ ഐ.പി.എൽ കഴിഞ്ഞ് 15 ദിവസത്തിനു ശേഷമേ ഇന്ത്യ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാവൂ എന്ന് ലോധ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. കളിക്കാർക്ക് മതിയായ വിശ്രമം കിട്ടാനാണ് ഇത്. 2019 ലെ ഐ.പി.എൽ അവസാനിക്കുന്നത് ലോകകപ്പിന് 12 ദിവസം മുമ്പാണ്. 2011 ൽ ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ 2015 ൽ സെമിയിൽ തോൽക്കുകയായിരുന്നു.
ജൂൺ 16 നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകം കാത്തിരിക്കുന്ന പോരാട്ടം. ലോകകപ്പിൽ ഇതുവരെ ഇന്ത്യയെ തോൽപിക്കാൻ പാക്കിസ്ഥാന് സാധിച്ചിട്ടില്ല.
സാധാരണ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടമാണ് ഐ.സി.സി ആദ്യം നിശ്ചയിക്കാറ്. കാരണം ഈ മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയും. 2015 ലെ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം അഡ്‌ലയ്ഡിൽ പാക്കിസ്ഥാനെതിരെ ആയിരുന്നു. 2017 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ബേമിംഗ്ഹാമിലും ബദ്ധവൈരികൾ ഏറ്റുമുട്ടി.
ഇത്തവണ റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ട് എന്നതിനാലാണ് ഇന്ത്യ-പാക് പോരാട്ടം ആദ്യം നിശ്ചയിക്കാതിരുന്നതെന്ന് ബി.സി.സി.ഐ ഭാരവാഹി വെളിപ്പെടുത്തി. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുമെന്നതിനാൽ ഇന്ത്യ-പാക് പോരാട്ടം ഉറപ്പായിരുന്നു.
10 ടീമുകൾ അണി നിരക്കുന്ന ലോകകപ്പ് ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും 12 വേദികളിലായി മെയ് 30 മുതൽ ജൂലൈ 14 വരെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 45 കളികളുൾപ്പെടെ 48 മത്സരങ്ങളുണ്ടാവും. 1992 ലെ ബെൻസൻ ആന്റ് ഹെഡ്ജസ് ലോകകപ്പിന്റെ രീതിയിലാണ് ഇത്. ആദ്യ മൂന്നു ലോകകപ്പുകളുടെ ആതിഥേയരായ ഇംഗ്ലണ്ട് 1999 നു ശേഷം ആദ്യമായാണ് ലോകകപ്പിന് വേദിയൊരുക്കുന്നത്.