Sorry, you need to enable JavaScript to visit this website.

തൃശൂര്‍ ഡി.സി.സി ഓഫീസിനു കാവിപൂശി; വിവാദമായപ്പോള്‍ പെയിന്റ് മാറ്റി

തൃശൂര്‍- രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പെയിന്റ് അടിച്ച് ഭംഗിയാക്കാന്‍ നോക്കിയ തൃശൂര്‍   ഡി.സി.സി ഓഫീസ് കാവി പൂശിയത്  വിവാദവും ചര്‍ച്ചയുമായി. ബിജെപി  ഓഫീസ് കെട്ടിടത്തിന്റെ പെയിന്റിനോട് സാമ്യമുള്ള   പെയിന്റ് അടിച്ചത് വിവാദമായപ്പോള്‍ കാവിപ്പുറത്ത് പച്ചനിറം അടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തടിതപ്പി. കാവി പെയിന്റടിച്ചത്  സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും ചര്‍ച്ചയായതോടെയാണ് പെയിന്റ് മാറ്റിയടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചത്.

രാഹുല്‍ഗാന്ധിയുടെ  ഭാരത് ജോഡോ യാത്രയ്ക്കു മുന്നോടിയായാണ് ഡിസിസി ഓഫീസ് പെയിന്റടിച്ച് മനോഹരമാക്കാന്‍ തീരുമാനിച്ചത്.  കഴിഞ്ഞദിവസം കാവി നിറം ചുവരില്‍ അടിക്കുമ്പോള്‍ നേതാക്കളടക്കമുള്ളവര്‍ ഡിസിസിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ പെയിന്റിന്റെ നിറം ചര്‍ച്ചയായപ്പോള്‍ ഇന്നലെ അതിരാവിലെത്തന്നെ തൊഴിലാളികളെ എത്തിച്ച് കാവി മാറ്റിയടിച്ചു.

ഓഫീസിന് കാവിയടിച്ച് ബിജെപി മുഖച്ഛായയാക്കിയെന്നു പറഞ്ഞ് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ചൂടന്‍ ചര്‍ച്ചയായിരുന്നു. നേതാക്കളുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

ഈ മാസം 22നാണു രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂര്‍ ജില്ലയില്‍ എത്തുക.  23ന് യാത്രയ്ക്ക് അവധിയാണ്. 24ന് ചാലക്കുടിയില്‍നിന്ന് ആരംഭിച്ച് വൈകുന്നേരം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പൊതുസമ്മേളനം നടത്തും. 25ന് ചെറുതുരുത്തി പാലംകടന്ന് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കും.

 

Latest News