തിരുവനന്തപുരം- കെ.എസ്.ആര്‍.ടി.സിക്ക് എതിരായ അപവാദ പ്രചരണങ്ങളില്‍ വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍ ഐ.എ.എസ്. കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ട് എം.ഡി ബിജു പ്രഭാകര്‍ തടഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരേയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.
പരിഷ്‌കരണത്തിലൂടെ ഒരാള്‍ക്ക് പോലും ജോലി നഷ്ടമാവില്ലെന്ന് ബിജു പ്രഭാകര്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
അപവാദ പ്രചരണങ്ങള്‍ ആര്‍ക്കുവേണ്ടി ?
പ്രിയപ്പെട്ടവരെ,
'കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ നല്‍കിയ ഫണ്ടുകള്‍ സിഎംഡി ബിജു പ്രഭാകര്‍ തടഞ്ഞു! ഇതുവരെ യാതൊരു ഫയല്‍ പോലും ഒപ്പിട്ടില്ല എന്നത് അവസാനം ലഭിക്കുന്ന വിവരം'
'സൂപ്പര്‍ ഫാസ്റ്റ് മുതല്‍ മുകളിലേക്കുള്ള സര്‍വ്വീസുകള്‍ സ്വിഫ്റ്റിലേക്ക്, മറ്റ് സര്‍വ്വീസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ സിംഗിള്‍ ഡ്യൂട്ടിയിലേക്ക്'
'ഏതാണ്ട് 15000 ത്തോളം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നു.'
ഓണത്തിന് തൊട്ടു മുന്‍പ് വാട്‌സാപ്പിലൂടെ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ക്കും എതിരായി വന്ന അപവാദ പ്രചാരണങ്ങളുടെ രണ്ട് സാമ്പിളുകളാണ്.
എന്താണ് ഇതിന്റെയൊക്കെ വാസ്തവം?
എന്തിനാണീ വ്യാജ പ്രചരണങ്ങള്‍?
സെപ്തംബര്‍ 5ന് അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടന്ന ചര്‍ച്ചയില്‍ ജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുന്‍പ് തീര്‍ത്ത് നല്‍കുമെന്ന് ബഹു: മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അതിനനുസരണമായി ധനകാര്യ വകുപ്പ് അതിവേഗം അംഗീകാരം നല്‍കുകയും, സെപ്തംബര്‍ 6 ന് ഉച്ചയ്ക്ക് 12:00 മണിയോടെ തന്നെ ശമ്പള വിതരണത്തിനാവശ്യമായ ഉത്തരവുകള്‍ ഗതാഗത വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ധനകാര്യ വകുപ്പിന്റെ ബജറ്റ് വിഭാഗത്തില്‍ പോയതിനു ശേഷം Ways and means ക്ലിയറന്‍സ് വാങ്ങി, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്ലിയറന്‍സ് വാങ്ങി ജില്ലാ ട്രഷറിയില്‍ നിന്നും സബ് ട്രഷറിയില്‍ വന്ന് അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി അക്കൗണ്ടില്‍ വന്ന് ശമ്പള വിതരണം രാത്രി 8 മണിയോടെ പൂര്‍ത്തിയായി. ഇത്രയും നടപടിക്രമങ്ങള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാക്കണം എങ്കില്‍ എത്ര പേര്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് മനസ്സിലാക്കണം. എന്നിട്ടും കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കാതെ ശമ്പളം തടയാന്‍ ശ്രമിക്കുന്നു എന്ന പേരില്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2:00 മണിയോടെ ഒരു വനിതാ ജീവനക്കാരിയുടെ പേരില്‍ നവമാധ്യമങ്ങളില്‍ ഒരു ഓഡിയോയും കുറിപ്പും പ്രചരിക്കുകയുണ്ടായി. സര്‍ക്കാരും മാനേജ്‌മെന്റും ഓണത്തിന് മുന്‍പ് എങ്ങനെയും ജീവനക്കാരുടെ ശമ്പളം കൊടുത്തു തീര്‍ക്കാന്‍ പരിശ്രമിക്കുമ്പോള്‍, എന്തെങ്കിലും കാരണവശാല്‍ അത് താമസിച്ചാല്‍ അതിന്റെ പഴി മുഴുവന്‍ സി.എം.ഡിയുടെയും മാനേജ്‌മെന്റിന്റെയും തലയിലിടാം എന്ന ദുഷ്ടലാക്കോടെയാണ് ഈ ഓഡിയോയും, കുറിപ്പും പ്രചരിപ്പിച്ചത് എന്ന് വ്യക്തം. ഇത്തരത്തില്‍ ശമ്പളം മുടങ്ങിയാല്‍ ഒരു പണിമുടക്ക് നടത്തി പൊതു ജനം കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ശപിക്കുന്ന സ്ഥിതിയുണ്ടാക്കി, എല്ലാവരും ഈ സ്ഥാപനത്തെ ഉപേക്ഷിക്കുന്ന സ്ഥിതി സൃഷ്ടിച്ച്, കെ.എസ്.ആര്‍.ടി.സിയുടെ ഭാവി തന്നെ അപകടത്തിലാക്കാം എന്ന ദുഷിച്ച ചിന്തയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേത്.
ശമ്പളം ജീവനക്കാര്‍ക്ക് ലഭിക്കുന്നത് വരെയേ ഈ അപവാദ പ്രചരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ എന്നത് അവര്‍ക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്. കോവിഡ് പിടി മുറുക്കിയ കാലയളവിലെല്ലാം എല്ലാവരെയും പോലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ഗവണ്‍മെന്റ് ശമ്പളം നല്‍കിയ കാലയളവിലൊന്നും ഇത്തരം ഒരു പ്രചാരണം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. എല്ലാക്കാലത്തും സര്‍ക്കാര്‍ സഹായത്തോട കെ.എസ്.ആര്‍.ടി.സി മുന്നോട്ട് പോകും എന്നുള്ളത് മിഥ്യാധാരണയാണ് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ ചെലവു കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്ന പരിഷ്‌ക്കരണ നടപടികളാണ് നടപ്പിലാക്കി വരുന്നത്. പ്രസ്തുത റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിര്‍ദ്ദേശമായിരുന്നു 1961 ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കണം എന്നുള്ളത്. ഇന്ത്യയിലെ മറ്റു ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ നടപ്പാക്കിയിരിക്കുന്ന ഈ സംവിധാനം നടപ്പിലാക്കി ബസ് സ്റ്റാഫ് റേഷ്യോ, ബസ് ഉപയോഗം എന്നിവയില്‍ ദേശീയ ശരാശരിയില്‍ എത്തുന്നതിലൂടെ ചെലവ് കുറയ്ക്കുക എന്ന ഈ നിര്‍ദ്ദേശം നടപ്പിലാക്കണം എന്നതാണ് സര്‍ക്കാരിന്റെയും നിര്‍ദ്ദേശം. ഇത് മൂന്ന് അംഗീകൃത സംഘടനകളും അംഗീകരിച്ച് 2022 ജനുവരി 13ന് ഒപ്പു വച്ച ദീര്‍ഘകാല കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥയാണ്. ഇത്തരം കാതലായ മാറ്റങ്ങളിലൂടെ കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കുക എന്നതാണ് ലക്ഷ്യം. ഈ നടപടികളിലൂടെ ഒരു ജീവനക്കാരന്റെ പോലും ജോലി നഷ്ടപ്പെടില്ല എന്നുറപ്പ് തരുന്നു.
നമ്മുടെ അന്നമായ 1300 ലധികം ബസ് ഓടിക്കാനാളില്ലാതെ ഓരോ ഡിപ്പോയിലും കിടന്ന് നശിക്കുമ്പോഴാണ് ജോലി നഷ്ടപ്പെടും എന്ന് പറയുന്നത്. ഈ 1300 ബസ് നിരത്തിലിറക്കാന്‍ എന്താണ് മാര്‍ഗം എന്ന് ഒരാളും ചിന്തിക്കുന്നില്ല. അത് നശിച്ചു പോകുന്നതില്‍ ആര്‍ക്കും വിഷമവുമില്ല. അപ്പോള്‍ ഇത്തരം പ്രചരണം നടത്തുന്നവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാണ്. സ്വിഫ്റ്റ് കാര്യക്ഷമതയും ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ മുന്നോട്ട് വച്ച സംവിധാനമാണ്. അതില്‍ ജോലി നോക്കുന്നത് ഈ നാട്ടില്‍ തന്നെയുള്ള ചെറുപ്പക്കാരാണ്. എംപാനല്‍ ജീവനക്കാരെപ്പോലെ ഇവരെയും നാം സ്വീകരിക്കുന്ന സമയം വിദൂരമല്ല.
ഇപ്പോള്‍ തന്നെ വികലമായ ഡ്യൂട്ടി സമ്പ്രദായത്തിന്റെ ഫലമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബസ് സ്റ്റാഫ് റേഷ്യോ ഉള്ളപ്പോള്‍ പോലും 1300 ബസുകള്‍ ഓടിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. 2022 ജൂണ്‍ മാസത്തില്‍ പോലും 505 ജീവനക്കാര്‍ക്ക് 16 ഡ്യൂട്ടി തികയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ശമ്പളം പോലും വാങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തരത്തില്‍ ജോലിക്ക് വരാന്‍ താല്‍പ്പര്യമില്ലാത്തവരാണ് കൃത്യമായി ജോലി നോക്കുന്ന ഭൂരിപക്ഷം ജീവനക്കാരെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കും പിന്നില്‍. ശരാശരി 5.5 കോടി രൂപയാണ് ഇപ്പോഴത്തെ ദിവസ വരുമാനം, മാസം 165 കോടി രൂപ വരുമാനം ലഭിച്ചാല്‍ 8090 കോടി രൂപ ഇന്ധനത്തിനായി ചെലവാകും. മുന്‍പ് ബള്‍ക്ക് പര്‍ച്ചേസര്‍ എന്ന നിലയില്‍ 45 ദിവസം വരെ കടമായി ലഭിച്ചിരുന്ന ഡീസലിന് വില കൂട്ടിയതിനാല്‍ പൊതു മാര്‍ക്കറ്റില്‍ നിന്ന് മുന്‍കൂര്‍ പണം നല്‍കിയാണ് ഇപ്പോള്‍ നാം വാങ്ങുന്നത്. 3031 കോടി രൂപ (പ്രതിദിനം 1 കോടി 60,000 രൂപ) കണ്‍സോര്‍ഷ്യം ലോണ്‍ തിരിച്ചടവിനായി ബാങ്കിന് നല്‍കണം, 2530 കോടി രൂപ സ്‌പെയര്‍ പാര്‍ട്ട്‌സ്, എം.എ.സി.ടി, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയ അത്യാവശ്യ ചെലവുകള്‍ക്ക് വേണ്ടി വരും, എല്ലാം കഴിഞ്ഞ് 2530 കോടി രൂപ മാത്രമാണ് മിച്ചം ഉണ്ടാകുക. ശമ്പളം നല്‍കണമെങ്കില്‍ 80 കോടി രൂപ വേണ്ടി വരും. ശേഷം വരുന്ന 50 കോടി ഓരോ മാസവും ഉണ്ടാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സഹായം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. ചെലവുകളുടെയും വരുമാനത്തിന്റെയും സ്ഥിതി ഇതായിരിക്കെ ഇതെല്ലാം മറച്ച് വച്ച് വരുമാനമുണ്ടായിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല എന്ന് അംഗീകൃത ട്രേഡ് യൂണിയനുകളില്‍ ചിലര്‍ തന്നെ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. കഴിഞ്ഞ 8 മാസവും മാനേജ്‌മെന്റ് ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് എടുത്തും സര്‍ക്കാര്‍ സഹായത്താലുമാണ് പലപ്പോഴും ശമ്പളത്തിനുള്ള ഈ വിടവ് നികത്തി വന്നത്. അത് എപ്പോഴും തുടരാന്‍ സാധിക്കുകയുമില്ല. ഡീസലും അത്യാവശ്യ ചിലവുകളും മാറ്റിവച്ച് ശമ്പളം നല്‍കിയാല്‍ കെ.എസ്.ആര്‍.ടി.സി സ്തംഭിക്കുന്ന സ്ഥിതിയാകും ഉണ്ടാവുക.
10 വര്‍ഷം മുടങ്ങിയ ശമ്പള പരിഷ്‌ക്കരണം, ഇടക്കാലാശ്വാസം അടക്കം നല്‍കി നടപ്പിലാക്കിയതും, വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്രൊമോഷനുകള്‍ നല്‍കിയതും ഇതേ മാനേജ്‌മെന്റൊണ് എന്ന കാര്യം അപവാദ പ്രചാരണങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നവര്‍ ബോധപൂര്‍വ്വം മറന്നു.
വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി 1961 ലെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ടിന്റെ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി നടപ്പിലാക്കും എന്ന വ്യവസ്ഥ ശമ്പള പരിഷ്‌ക്കരണ കരാറില്‍ എല്ലാവരും അംഗീകരിച്ചതാണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2018 ല്‍ തന്നെ ഈ ഡ്യൂട്ടി സമ്പ്രദായം ഇവിടെ നടപ്പില്‍ വരുത്തുകയും ചെയ്തിരുന്നു എന്നതാണ് വസ്തുത. 1992 ല്‍ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം ഏര്‍പ്പെടുത്തിയപ്പോഴും ഇതേ പോലെ ജോലിഭാരം കൂടുന്നു എന്ന പേരിലാണ് സമരം നടന്നത് എന്നതാണ് വിരോധാഭാസം. സ്‌പ്രെഡ് ഓവര്‍ ഡ്യൂട്ടി എന്നത് അയല്‍ സംസ്ഥാനങ്ങളിലടക്കം നടപ്പിലാക്കി വിജയിച്ച നിയമപരമായ ഡ്യൂട്ടി സമ്പ്രദായമാണ്.
കെ.എസ്.ആര്‍.ടി.സി എന്നത് ഈ നാട്ടിലെ സാധാരണക്കാരും അല്ലാത്തവരുമായ പൊതുജനത്തിന്റെ സ്വത്താണ്. പൊതുജന നന്മക്കായി ഈ സ്ഥാപനത്തെ മാതൃകാ സ്ഥാപനമായി മാറ്റിയെടുക്കുക എന്നതാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന്റെ പ്രഥമ കര്‍ത്തവ്യം. ഉല്‍പ്പാദ ക്ഷമത കൂട്ടി ചെലവ് കുറച്ച് നമ്മളെല്ലാവരും ഒന്നായി ശ്രമിച്ചാല്‍ ഈ സ്ഥാപനത്തെ കടക്കെണിയില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിക്കും. അതിന് മാനേജ്‌മെന്റിനൊപ്പവും സര്‍ക്കാരിനൊപ്പവും നില്‍ക്കുക എന്നതാണ് ഈ സമയത്തെ ആവശ്യം, അതിനു പകരം വരുന്ന സി.എം.ഡി മാരെ അപകീര്‍ത്തിപ്പെടുത്തി മാറ്റി, തങ്ങളുടെ ഇംഗിതത്തിന് കാര്യം നടത്താം എന്ന സ്ഥിതി ഉണ്ടാക്കിയാല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കായിരിക്കും നഷ്ടം എന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ ശോഭനമായ ഭാവി തങ്ങള്‍ക്കും കുടുംബത്തിനും സുരക്ഷിതമായ ഒരു ഭാവി ഒരുക്കും എന്ന വസ്തുത കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മനസ്സിലാക്കി, സ്ഥാപിത താല്‍പര്യത്തോടെ ഒരു ന്യൂനപക്ഷം നടത്തുന്ന ഈ അപവാദ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നാം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചപ്പോള്‍ 2022 സെപ്തംബര്‍ 12ന് ഒറ്റ ദിവസം സര്‍വ്വകാല റിക്കാര്‍ഡായ 8.4 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. 3941 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ നിന്നുമാണ് ഈ വരുമാനം ലഭിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. നാം ലക്ഷ്യം വയ്ക്കുന്ന 5000 മുതല്‍ 6000 വരെ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമ്പോള്‍ 8 കോടി രൂപ ശരാശരി ദിവസ വരുമാനം ഉണ്ടാക്കാന്‍ സാധിക്കും എന്നതിന് തെളിവാണ് ഇത്. ഇത്തരത്തില്‍ വരുമാന വര്‍ധനവിനായി രാപ്പകല്‍ അദ്ധ്വാനിച്ച മുഴുവന്‍ ജീവനക്കാരെയും ഓഫീസര്‍മാരെയും അനുമോദിക്കുന്നു. മാനേജ്‌മെന്റ് എന്നത് ജീവനക്കാരുടെ ശത്രുവല്ല, സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് എന്ന വിശ്വാസം എല്ലാവരും മനസ്സിലാക്കി, കെ.എസ്.ആര്‍.ടി.സിയുടെ ശോഭനമായ ഭാവിക്കായി നമുക്ക് ഒരുമയോടെ മുന്നേറാം.