Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധുകേസില്‍ കൂറുമാറിയ സാക്ഷിയെ പിരിച്ചുവിട്ടു

മണ്ണാര്‍ക്കാട്- അട്ടപ്പാടി മധു കൊലപാതക കേസില്‍ കൂറുമാറാന്‍ ശ്രമിച്ച സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കുന്നു. 29 ാം സാക്ഷി സുനില്‍കുമാറിന്റെ കാഴ്ചശക്തിയാണ് പരിശോധിക്കുന്നത്. മണ്ണാര്‍ക്കാട് എസ്.സി.എസ്.ടി കോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന.
കേസില്‍ കൂറുമാറിയ സുനില്‍കുമാറിനെ വനംവകുപ്പില്‍ നിന്ന് പിരിച്ചുവിട്ടു. വനംവകുപ്പില്‍ സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍ കുമാര്‍. ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിനെത്തുടര്‍ന്ന് പിരിച്ചുവിട്ട വാച്ചര്‍മാരുടെ എണ്ണം നാലായി.  
മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ കാണുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്. ഇതോടെയാണ് കാഴ്ച പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടത്.

മധുവിനെ പ്രതികള്‍ മര്‍ദിച്ചുകൊണ്ടുവരുന്നത് കാണുന്നവരുടെ ദൃശ്യമാണ് ഇന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നയാളാണ് സുനില്‍ കുമാര്‍. നിങ്ങള്‍ അവിടെയുണ്ടല്ലോ എന്ന് ജഡ്ജി ചോദിച്ചപ്പോള്‍ തനിക്കത് കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ പറഞ്ഞത്.

പ്രതികള്‍ മധുവിനെ പിടിച്ചുകൊണ്ടുവരുന്നത് കണ്ടു, കള്ളന്‍ എന്ന് ആക്രോശിച്ചുകൊണ്ടാണ് പിടിച്ചുകൊണ്ടുവന്നത് എന്നായിരുന്നു നേരത്തെ സുനില്‍ കുമാര്‍ നല്‍കിയ മൊഴിയിലുള്ളത്.

 

 

Latest News