Sorry, you need to enable JavaScript to visit this website.

VIDEO സ്‌നാപ് ചാറ്റ് വഴി വ്യാജ ഉല്‍പന്നങ്ങള്‍; സെലിബ്രിറ്റിക്ക് 50,000 റിയാല്‍ പിഴ

റിയാദ് - സ്‌നാപ് ചാറ്റിലെ തന്റെ അക്കൗണ്ടു വഴി പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ലേഡീസ് വാനിറ്റി ബാഗുകളും പാദരക്ഷകളും വിപണനം നടത്തിയ കേസില്‍ സാമൂഹികമാധ്യമ സെലിബ്രിറ്റിയായ സൗദി യുവാവിന് റിയാദ് അപ്പീല്‍ കോടതി 50,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം, ട്രേഡ്മാര്‍ക്ക് നിയമം എന്നിവ ലംഘിച്ച കേസിലാണ് സൗദി പൗരന്‍ അബ്ദുല്ല ഈദ് ആയിദ് അല്‍ഉതൈബിക്ക് കോടതി പിഴ ചുമത്തിയത്. റിയാദ് കേന്ദ്രീകരിച്ചാണ് സെലിബ്രിറ്റി സ്‌നാപ് ചാറ്റ് അക്കൗണ്ടിലൂടെ വ്യാജ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്തിരുന്നത്.
നിയമ ലംഘകന്റെ പക്കല്‍ കണ്ടെത്തിയ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടാനും വിധിയുണ്ട്. സൗദി പൗരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുമായും സുരക്ഷാ വകുപ്പുകളുമായും ഏകോപനം നടത്തി പ്രത്യേക കെണിയൊരുക്കിയാണ് വ്യാജ ഉല്‍പന്നങ്ങളുടെ വിപണന മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സൗദി പൗരനെ നേരത്തെ വാണിജ്യ മന്ത്രാലയം പിടികൂടിയത്.
അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ ലേഡീസ് ഉല്‍പന്നങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ വിപണനം നടത്തിയിരുന്ന സൗദി പൗരന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമുള്ള ഉല്‍പന്നങ്ങള്‍ ലക്ഷ്വറി കാറുകളിലാണ് വിതരണം ചെയ്തിരുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവരെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ 1900 എന്ന നമ്പറില്‍ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററില്‍ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
റിയാദിലെ ഫഌറ്റിലാണ് വ്യാജ ഉല്‍പന്നങ്ങള്‍ സൗദി പൗരന്‍ സൂക്ഷിച്ചിരുന്നത്. സോഷ്യല്‍മീഡിയ അക്കൗണ്ടു വഴി വ്യാജ ഉല്‍പന്നങ്ങള്‍ സെലിബ്രിറ്റി വിപണനം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ അന്വേഷണങ്ങള്‍ നടത്തിയാണ് നിയമ ലംഘകന്റെ കേന്ദ്രം ബന്ധപ്പെട്ട വകുപ്പുകള്‍ കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയും ആവശ്യമായ അനുമതികള്‍ നേടിയെടുത്തും സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയുമായും പോലീസുമായും സഹകരിച്ച് വാണിജ്യ മന്ത്രാലയം ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ വ്യാജ വാനിറ്റി ബാഗുകളുടെയും വാച്ചുകളുടെയും പാദരക്ഷകളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും വന്‍ ശേഖരം കണ്ടെത്തിയിരുന്നു. റെയ്ഡിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.

 

 

Latest News