Sorry, you need to enable JavaScript to visit this website.

വകുപ്പുകളുടെ ഏകോപനമില്ല; പൊതുമരാമത്ത് വകുപ്പിൽ  ഇ-ഓഫീസ് സംവിധാനം പാളുന്നു 


കോഴിക്കോട്- വകുപ്പുകളുടെ ഏകോപനമില്ലായ്മയെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽ ഇ-ഓഫീസ് സംവിധാനം പാളുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി പൂർത്തീകരിച്ച കരാർ പ്രവൃത്തികളുടെ ബില്ലുകൾ പോലും സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യാനാകാതെ കരാറുകാർ നെട്ടോട്ടമോടുകയാണ്. മരാമത്ത് പണികളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയത് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താത്തത് മൂലമാണ് ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതിന് കാരണം. 
സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തേണ്ട ചുമതല ധനകാര്യ വകുപ്പിനാണെന്നാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇത് സംബന്ധിച്ച് ബാധ്യതയില്ലെന്നും സോഫ്റ്റ്‌വെയറിൽ വരുത്തേണ്ട മാറ്റങ്ങൾ പൊതുമരാമത്ത് വകുപ്പ് തന്നെയാണ് ചെയ്യേണ്ടതെന്നാണ് ധനവകുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷം. ഇരു വകുപ്പുകളുടെയും ഏകോപനമില്ലായ്മമൂലം പൊതുമരാമത്ത് വകുപ്പിന് കീഴിൽ നടക്കുന്ന നൂറു കണക്കിന് കരാർ ജോലികളുടെ തൽസ്ഥിതി വിലയിരുത്താൻ കഴിയാത്ത അവസ്ഥയാണ്. ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതുമൂലം കരാറുകാർക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശ്ശികയായി കിടക്കുകയാണ്. 
പൊതുമരാമത്ത് വകുപ്പിലെ അഴിമതികൾ ഇല്ലാതാക്കുന്നതിനും ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനുമാണ് ഇ- ഓഫീസ് സംവിധാനം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായ പ്രൈസ് ത്രീ സോഫ്റ്റ്‌വെയറിലാണ് പൂർത്തീകരിച്ച കരാർ ജോലികളുടെ ബില്ലുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. കരാർ ജോലികളുടെ ജി.എസ്.ടിയിൽ അടുത്തിടെ ആറ് ശതമാനം വർധന ഏർപ്പെടുത്തിയപ്പോൾ ഇതിന് ആനുപാതികമായി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ ധനവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥർ തയാറായില്ല. 
ജി.എസ്.ടിയിൽ മാറ്റം വരുത്താത്തതിനാൽ ബില്ലുകൾ ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യുമ്പോൾ നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതുമൂലം ഏതെല്ലാം പ്രവൃത്തികൾ പൂർത്തിയായെന്നും കരാറുകാർക്ക് എത്രത്തോളം തുക നൽകേണ്ടതുണ്ടെന്നും അടക്കമുള്ള കാര്യങ്ങൾ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാൻ കഴിയുന്നില്ല.
സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കരാറുകാരുടെ സംഘടനകൾ പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനീയറെ സമീപിച്ചെങ്കിലും ധനവകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നാണ് മറുപടി ലഭിച്ചത്. ധനവകുപ്പ് ഇക്കാര്യത്തിൽ യാതൊരു താൽപര്യവും കാണിക്കുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്. ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയാണ് മിക്ക കരാറുകാരും കരാർ ജോലികൾ പൂർത്തീകരിച്ചതെന്നും ബില്ലുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തതിനാൽ പണം കുടിശ്ശികയായതിനാൽ വലിയ സാമ്പത്തിക പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രശ്‌നം പെട്ടന്ന് പരിഹരിച്ചില്ലെങ്കിൽ പുതുതായുള്ള കരാർ ജോലികൾ പൂർണമായും നിലയ്ക്കുമെന്നും കരാറുകാരുടെ സംഘടനകൾ പറയുന്നു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കരാറുകാർ പൊതുമരാമത്ത് വകുപ്പ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. 
പൊതുമരാമത്ത് വകുപ്പ് മന്ത്രി മൂഹമ്മദ് റിയാസിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ കരാർ ജോലികളുടെ ദിനംപ്രതിയുള്ള തൽസ്ഥിതിയും ബില്ലുകളും സോഫ്റ്റ്‌വെയറിൽ അപ് ലോഡ് ചെയ്യുകയെന്ന തീരുമാനം കൈക്കൊണ്ടത്. തുടക്കത്തിൽ ഇത് വിജയകരമായി നടന്നെങ്കിലും പിന്നീട് നിരവധി പാളിച്ചകൾ ഉണ്ടാകുകയും ഇക്കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വലിയ താൽപര്യം പ്രകടിപ്പിക്കാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തു. 
സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യുന്നതിന്റെ ക്രമത്തിൽ മാത്രമേ കരാറുകാർക്ക് ബില്ലുകൾ പാസാക്കി നൽകുകയുള്ളൂ. വകുപ്പിൽ സ്വാധീനമുള്ള കരാറുകാർക്ക് ബില്ലുകൾ നേരത്തെ പാസാക്കി നൽകുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് വലിയ അഴിമതിക്ക് കാരണമായതോടെയാണ് സോഫ്റ്റ്‌വെയർ സംവിധാനം കൊണ്ടുവന്നത്. 
വകുപ്പിലെ ഉദ്യോഗസ്ഥരിൽ ചിലർക്ക് ഇതിനോട് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഈ താൽപര്യക്കുറവ് തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോപണമുയരുന്നുണ്ട്.

Latest News