റിയാദ് - യെമനിലെ സ്ഥിതിഗതികളെ കുറിച്ച റിപ്പോർട്ടുകൾക്ക് ചില പാശ്ചാത്യ മാധ്യമങ്ങൾ തെറ്റായ വിവരങ്ങളാണ് അവലംബിക്കുന്നതെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ലണ്ടൻ റോയൽ ഇൻസ്റ്റിറ്റിയൂട്ടിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കള്ളങ്ങൾ പ്രചരിപ്പിച്ച് ഹൂത്തികൾ തീർക്കുന്ന കെണികളിൽ ഈ മാധ്യമങ്ങൾ പെട്ടുപോവുകയാണ്. ആഗോള തലത്തിൽ നിരോധിക്കപ്പെട്ട ക്ലസ്റ്റർ ബോംബുകൾ സഖ്യസേന യെമനിൽ ഉപയോഗിക്കുന്നുണ്ടെന്ന വ്യാജ റിപ്പോർട്ടുകൾ ഇക്കൂട്ടത്തിൽ പെട്ടതാണ്. ബ്രിട്ടീഷ് നിർമിത ക്ലസ്റ്റർ ബോംബുകൾ ആഘ755 സഖ്യസേന യെമനിൽ ഉപയോഗിച്ചതായി ആരോപണം ഉന്നയിക്കപ്പെട്ടു. ഇതേ കുറിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടുകൾ പുറത്തുവിട്ടു. യെമനിൽ സഖ്യസേന ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചത് എങ്ങിനെയാണ് എന്നതിനെ കുറിച്ച് മാധ്യമങ്ങൾ മാസങ്ങളോളം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. 1985 ലാണ് ബ്രിട്ടണിൽ നിന്ന് സൗദി അറേബ്യ ക്ലസ്റ്റർ ബോംബുകൾ വാങ്ങിയത്. 2005 ഓടെ കാലാവധി അവസാനിച്ച് ഇവ പ്രവർത്തനരഹിതമായി. ക്ലസ്റ്റർ ബോംബ് ഉപയോഗം വിലക്കുന്ന കരാറിൽ ഒപ്പുവെച്ചതിനാൽ ഇവയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന് ബ്രിട്ടന് സാധിച്ചില്ല.
ബ്രിട്ടണിൽ നിന്ന് വാങ്ങിയ ടൊർണാഡോ ഇനത്തിൽ പെട്ട യുദ്ധ വിമാനങ്ങളാണ് സൗദി അറേബ്യ ഉപയോഗിക്കുന്നത്. പുതിയ ആയുധങ്ങളുമായി ഒത്തുപോവുകയും പഴയ ആയുധങ്ങൾ പ്രയോഗിക്കുന്നതിന് സാധിക്കാതിരിക്കുകയും ചെയ്യുന്ന നിലക്ക് ഇവയിലെ ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. പ്രവർത്തനരഹിതമായ ബോംബും അവ വഹിക്കുന്നതിന് യോജിക്കാത്ത വിമാനങ്ങളുമാണ് പക്കലുള്ളത് എങ്കിൽ എങ്ങിനെയാണ് ഈ ബോംബുകൾ സൗദി അറേബ്യ വർഷിക്കുകയെന്ന് ആദിൽ അൽജുബൈർ ആരാഞ്ഞു. സൗദി അറേബ്യയുമായും സഖ്യസേനയുമായും ബന്ധപ്പെട്ട തെറ്റായ റിപ്പോർട്ടുകൾ പർവതീകരിച്ചും ആവർത്തിച്ചും പ്രസിദ്ധീകരിക്കുന്നതിന് ചിലർ മത്സരിക്കുകയാണ്. ഇതുവഴി ഇത്തരം റിപ്പോർട്ടുകൾ യാഥാർഥ്യമെന്ന പോലെ ആയി മാറുകയാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.