റിയാദ്-ഭക്ഷ്യവിഷബാധ മൂലം സൗദിയില്‍ 22 ഒട്ടകങ്ങള്‍ ചത്ത നിലയില്‍. കവിയായ അബ്ദുല്ല ബിന്‍ ശത്‌വില്‍ അക്‌ലബിയുടെ ഉടമസ്ഥതയിലുള്ള ഒട്ടകങ്ങളാണ് ചത്തത്. തന്റെ ട്വിറ്റര്‍ എക്കൗണ്ടില്‍ ചത്ത ഒട്ടകങ്ങളുടെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. വില കുറഞ്ഞ തീറ്റ നല്‍കിയതോ കാലാവധി കഴിഞ്ഞ തീറ്റ നല്‍കിയോ ആണ് ഒട്ടകങ്ങളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്. അക്‌ലബിക്ക് പിന്തുണയുമായി സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്ത് വന്നു. ഒട്ടകങ്ങള്‍ ചത്ത പശ്ചാതലത്തില്‍ ഒട്ടകങ്ങള്‍ക്ക് നല്‍കുന്ന തീറ്റ സുരക്ഷിതമായതാണോ എന്ന് ഉറപ്പു വരുത്തണമെന്നും വില കുറഞ്ഞ തീറ്റ നല്‍കുന്നത് വലിയ അപകടം വിളിച്ചുവരുത്തുമെന്നും ചിലര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.