ആലപ്പുഴ- മഴ മാറിയിട്ടും കുട്ടനാട് വെള്ളത്തില്‍നിന്ന് കരകയറിയിട്ടില്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടില്‍ തുടരുകയാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം പേറുകയാണ് കുട്ടനാടും അപ്പര്‍ കുട്ടനാടും. താളം തെറ്റിയ കാലാവസ്ഥ കുട്ടനാടന്‍ നിവാസികളുടെ ജീവിതരീതി തന്നെ മാറ്റി. മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ മാസങ്ങളായി വെള്ളക്കെട്ടിലാണ്. വെള്ളം ഇറങ്ങുമ്പോഴേക്കും അടുത്ത മഴയെത്തും. മഴ മാറിയാലും ദിവസങ്ങളോളം അതിന്റെ പ്രത്യാഘാതം നിലനില്‍ക്കും. പലരും ബാങ്കില്‍നിന്ന് കൃഷി വായ്പയെടുത്തും അത് തികയാതെ വരുമ്പോള്‍ ഉയര്‍ന്ന പലിശക്ക് കടം എടുത്തുമാണ് കൃഷി ചെയ്യുന്നത്. എന്നാല്‍, അത് വെള്ളപ്പൊക്കം കൊണ്ടുപോകുന്ന പ്രവണത വര്‍ഷങ്ങളായുണ്ട്. കുട്ടനാട്ടുകാരുടെ എക ആശ്രയം നെല്‍കൃഷിയാണ്. നിരന്തരം സംഭവിക്കുന്ന വെള്ളപ്പൊക്കം കൃഷി തകര്‍ത്തെറിയുന്ന സാഹചര്യം നിലനില്‍ക്കുന്നു. ശക്തമായ പുറംബണ്ടുകള്‍ നിര്‍മിച്ച് ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കിയാല്‍ മാത്രമേ ഒരുപരിധി വരെ കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍നിന്ന് സംരക്ഷിക്കാന്‍ സാധിക്കൂ. മഴ മാറി നില്‍ക്കുമ്പോഴും കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിലക്കാത്തതിനാല്‍ വീയപുരം മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെയാണ്. കുട്ടനാടിന്റെ മറ്റു മേഖലകളില്‍ ജലനിരപ്പ് അപകട നിലക്ക് മുകളിലെത്തിയില്ല. ചമ്പക്കുളത്ത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആറ് സെന്റീ മീറ്റര്‍ ജലനിരപ്പ് താഴ്ന്നു.പമ്പ, അച്ചന്‍കോവില്‍ ആറുകളിലെ ജലനിരപ്പ് ഉയരുന്നത് കൂടുതല്‍ ബാധിക്കുന്നത് വീയപുരം, ചെറുതന പഞ്ചായത്തുകളെയാണ്. മേല്‍പ്പാടം, ആനാരിവടക്ക്, തുരുത്തേല്‍, പാളയത്തില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെ ദുരിതം. നൂറിലധികം കുടുംബങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്.വെള്ളം ഒഴുകിപ്പോയിരുന്ന പൊതുതോടുകളും മറ്റു ജലാശയങ്ങളും അടഞ്ഞതാണ് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. നദികളിലെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം ഒഴുകി പോകാനുള്ള സാഹചര്യവുമില്ല. വെള്ളപ്പൊക്കത്തേക്കാള്‍ ഭാകരമാണ് വെള്ളം ഇറങ്ങി കഴിയുമ്പോഴുള്ള അവസ്ഥ. പകര്‍ച്ച വ്യാധികളും മറ്റും പടര്‍ന്നു പിടിക്കുന്നതും വെള്ളം ഇറങ്ങിക്കഴിയുമ്പോഴാണ്.