കണ്ണൂർ- പയ്യന്നൂർ കണ്ടങ്കാളിയിൽ നെൽവയൽ നികത്തി പെട്രോളിയം സംഭരണ ശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട സമരം ആരംഭിക്കുന്നു. പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്ന എഴുപതേക്കർ സ്ഥലത്ത് നെൽകൃഷിയിറക്കിയാണ് സമരമെന്നും ഇതിന്റെ വിത്ത് ശേഖരണം അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായും സമിതി ഭാരവാഹികൾ പറഞ്ഞു.
പയ്യന്നൂർ കണ്ടങ്കാളിയിലെ ജനവാസ കേന്ദ്രത്തിനു സമീപം, കവ്വായി കായലിനോട് ചേർന്ന് 100 ഏക്കറോളം നെൽ വയലും തണ്ണീർത്തടവും നികത്തി ബി.പി.സി.എല്ലിന്റെയും എച്ച്.പി.എല്ലിന്റെയും പെട്രോളിയം സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഏതാനും മാസങ്ങളായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിവിധ മേധാവികൾക്കു പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ആഘാത പഠനത്തിന്റെ അവതരണവും തുടർന്ന് പൊതുജനങ്ങളിൽ നിന്നും തെളിവെടുപ്പു നടത്തി. ഇതിന്റെ റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിനു സമർപ്പിച്ചിരിക്കയാണ്. തെളിവെടുപ്പിൽ പങ്കെടുത്ത ആയിരത്തോളം വരുന്ന നാട്ടുകാർ, പദ്ധതി വേണ്ടെന്ന നിലപാടാണ് കൈക്കൊണ്ടത്. പദ്ധതിക്കെതിരെ ജനങ്ങൾ ഒന്നടങ്കം രംഗത്തുണ്ടെന്ന പരാമർശമടക്കമുള്ള റിപ്പോർട്ടാണ് കലക്ടർ സമർപ്പിച്ചത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ, പദ്ധതിക്കു അനുമതി നിഷേധിക്കണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
തൃശൂർ മുതൽ കാസർകോട് വരെയുള്ള 334 ഔട്‌ലറ്റുകളിൽ പെട്രോളിയം ഉൽപന്നങ്ങളെത്തിക്കാനുള്ള സംഭരണ ശാലയാണ് ഇവിടെ നിർമ്മിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. 70 കോടി ലിറ്റർ സംഭരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇത് തന്നെ സംശയം ഉയർത്തുന്നതാണ്. ഇന്ത്യാ ഗവൺമെന്റും യു.എ.ഇ ഗവൺമെന്റും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം, യു.എ.ഇയിലെ അഡ്‌നോക് എണ്ണ കമ്പനിയുടെ പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള കൂറ്റൻ സംഭരണി, മംഗലാപുരത്ത് പൂർത്തിയായി വരികയാണ്. 5.86 ബില്യൺ ബാരൽ സംഭരണ ശേഷിയുള്ള പ്ലാന്റാണ് അവിടെ പൂർത്തിയായി വരുന്നത്. ഇതിന്റെ അനുബന്ധ പദ്ധതിയാണ് പയ്യന്നൂരിലേത് എന്നാണ് സൂചന. പദ്ധതിക്കു ഭൂവുടമകൾ ആദ്യം അനുകൂല നിലപാടാണ് എടുത്തതെങ്കിലും പദ്ധതിയെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചതോടെ ഇവർ പിന്മാറിയിരിക്കയാണ്.
എണ്ണ സംഭരണശാല പദ്ധതിക്കെതിരെയുള്ള രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി ഹരിത കേരളം, തരിശുരഹിത താലോത്ത് വയൽ എന്ന ലക്ഷ്യത്തോടെ പദ്ധതി പ്രദേശത്തെ എഴുപത് ഏക്കർ വയലിൽ പൂർണമായും കൃഷിയിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തനത് നെല്ലിനങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും. ഇത്തവണ കൃഷിയിറക്കുന്നതിനായി 30 പറ തൗവ്വൻ നെൽവിത്ത് ശേഖരിച്ചു കഴിഞ്ഞു.
നിലം ഉഴുതു നിരപ്പാക്കാനും വിത്തിറക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കർഷകർ, കർഷക തൊഴിലാളികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ ന്നിവരടങ്ങുന്ന കൂട്ടായ്മക്കുള്ള പ്രവർത്തനങ്ങളും ആരംഭിച്ചതായി ചെയർമാൻ ടി.പി.പത്മനാഭൻ, അപ്പുക്കുട്ടൻ കാരയിൽ, കെ.രാമചന്ദ്രൻ എന്നിവർ അറിയിച്ചു.