തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ യാത്രയെ ന്യായീകരിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു രാജ്യങ്ങളിലെ വിവിധ വിഷയങ്ങൾ കണ്ടുപഠിക്കാനാണ് യാത്രയെന്നും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ധനമന്ത്രി പറഞ്ഞു. ആളുകൾക്ക് യൂറോപ്പിലേക്ക് പോകാൻ പാടില്ലെന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്ര സംബന്ധിച്ച റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. മൊത്തം ചെലവിന്റെ വലിയൊരു ഭാഗം ചെലവാക്കിയല്ല യൂറോപ്പിലേക്ക് പോകുന്നത്. വിവിധ വിഷയങ്ങൾ പഠിക്കാൻ വേണ്ടിയാണ് യാത്ര. അത്‌കൊണ്ട് ഇത്തരം യാത്രകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം ദരിദ്രമായ സംസ്ഥാനമല്ല. ഇക്കാര്യങ്ങളല്ല ചർച്ച ചെയ്യേണ്ടത്, കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള നികുതി വിഹിതമാണ് ചർച്ച ചെയ്യേണ്ടതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.