എന്തെങ്കിലും കാരണവശാൽ ട്രെയിൻ വൈകിയെന്ന് കരുതുക. എറണാകുളത്താണ് ഈ അനുഭവമെങ്കിൽ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. സൗത്ത് എന്ന പേരിൽ വിഖ്യാതമായ എറണാകളും ജംഗ്ഷൻ, എറണാകുളം നോർത്ത് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ഓട്ടോ പിടിച്ച് പത്ത് മിനിറ്റ് കൊണ്ട് ബോട്ട് ജെട്ടിയിലെത്താം. ബോട്ട് ജെട്ടിയിൽ നിന്ന് ഫോർട്ട് കൊച്ചി, വൈപ്പിൻ, മട്ടാഞ്ചേരി, വല്ലാർപാടം എന്നീ റൂട്ടുകളിലേതിൽ വേണമെങ്കിലും ടിക്കറ്റെടുക്കാം. പോക്കറ്റിന് കാര്യമായ പരിക്കേൽക്കാതെ രണ്ടോ മൂന്നോ മണിക്കൂർ പ്രകൃതിയുടെ തലോടലേറ്റ് ഓളപ്പരപ്പുകളിൽ ലയിക്കാം.

കണ്ടാലും കണ്ടാലും തീരാത്ത ഒരുപാട് കാഴ്ചകളാണ് കൊച്ചി നഗരം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാൻ കഴിയാത്ത അത്രയും കാഴ്ചകളുണ്ട്. ഫോർട്ട് കൊച്ചിയാണ് കൊച്ചിയിലെ ഏറ്റവും വലിയ ആകർഷണ കേന്ദ്രം. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം നിലവിലുണ്ട്. അതുകൊണ്ടു തന്നെ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും പഴമ നിറഞ്ഞു നിൽക്കുന്നവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും. ചരിത്രവും കൗതുകവും നിറഞ്ഞു നിൽക്കുന്നയിടമാണ് ഫോർട്ട് കൊച്ചി. സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകൾ തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. മലയാളികളും വിദേശികളുമായി നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.
ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്. പോർച്ചുഗീസുകാരും ഡച്ചുകാരുമൊക്കെ പണികഴിപ്പിച്ച നിരവധി സൗധങ്ങൾ ഇവിടെ ഉണ്ട്. ഫോർട്ട് കൊച്ചിക്ക് ചരിത്രത്തിലിടം നൽകുന്നതും ആ കെട്ടിടങ്ങൾ തന്നെയാണ്.

ഫോർട്ട് കൊച്ചിയിൽ നിന്ന് തിരിച്ചും ബോട്ടിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബോട്ട് ജെട്ടിയിൽ നിന്നും വളരെ ചെറിയ ഇടവേളകളിൽ പല ഭാഗത്തേക്കും പോകുന്ന ബോട്ടുകളും ജങ്കാറുകളും ഉണ്ട്. യാത്രക്ക് മുൻപേ കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കണം. കുറഞ്ഞ ചെലവിൽ കൊച്ചിയിൽ യാത്ര ചെയ്യാവുന്ന മാർഗം കൂടിയാണിത്. പൊതുവെ വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്ക് അനുഭവപ്പെടുക. കടൽ പാലത്തിൽ കയറി നിന്ന് കാഴ്ചകൾ കാണാനായി എത്തുന്നവർ നിരവധിയാണ്. അതുപോലെ തന്നെ, ഫോർട്ട് കൊച്ചിയിലെ ചീനവലകളും തെരുവ് വ്യാപാരശാലകളും സഞ്ചാരികളുടെ മനസ്സ് കീഴടക്കുക തന്നെ ചെയ്യും. ഒരു കാര്യം മറക്കാതിരിക്കുക. ഫോർട്ട് കൊച്ചിയിൽ സ്വാദേറിയ കായൽ വിഭവങ്ങൾ സഞ്ചാരികൾക്കായി തയാറാക്കിക്കൊടുക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. മധ്യ തിരുവിതാംകൂറിന്റെ രുചി വൈവിധ്യം കൂടി അടുത്തറിയുമ്പോഴാണല്ലോ യാത്രയുടെ അനുഭൂതി പൂർണമാകുന്നത്.