പാലക്കാട്- സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ ചടങ്ങുകള്‍ ബഹിഷ്‌കരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അട്ടപ്പാടിയില്‍. ഇന്നലെ തിരുവനന്തപുരത്ത് സംസ്ഥാനതല ഓണാഘോഷപ്പരിപാടികളുടെ സമാപന ചടങ്ങ് നടക്കുമ്പോള്‍ ഗവര്‍ണറുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഓണാഘോഷസമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ഘോഷയാത്ര കാണാന്‍ വിനോദസഞ്ചാര മന്ത്രി ഗവര്‍ണറെ അദ്ദേഹത്തിന്റെ വസതിയിലെത്തി ക്ഷണിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ വിവിധ വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണറെ കാണാന്‍ ഇത്തവണ മന്ത്രി എത്തിയില്ല. ഗാന്ധിയന്‍ കൂട്ടായ്മയായ ഏകതാ പരിഷത്തും ആദിവാസി കൂട്ടായ്മയായ തമ്പും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ആദിവാസി സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചതിനാലാണ് താന്‍ എത്തിയത് എന്നും സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം മാധ്യമപ്രവ ര്‍ത്തകരോട് പറഞ്ഞു.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം നടന്നതായുള്ള ആരോപണം മുറുകുന്നതിനിടയിലാണ് ഗവര്‍ണറുടെ സന്ദര്‍ശനം. മധുവിന്റെ അമ്മയും സഹോദരിയും അനുഭവിക്കുന്ന വേദനയില്‍ പങ്കു ചേരുന്നതായി ഗവര്‍ണര്‍ അറിയിച്ചു. കേസന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ഇടപെടണമെന്ന് മധുവിന്റെ അമ്മ മല്ലി ആരിഫ് മുഹമ്മദ് ഖാനോട് അഭ്യര്‍ഥിച്ചു. ആവശ്യം രേഖാമൂലം നല്‍കാനായിരുന്നു ഗവര്‍ണറുടെ നിര്‍ദ്ദേശം.