തിരുവനന്തപുരം- നിയമസഭയിലെ മൂന്നാം നിരയില്‍നിന്നു എ.എന്‍. ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കസേരകളിലും ആകെ മാറ്റം. സഭയില്‍ രണ്ടാമനായിരുന്ന എം.വി. ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ സ്ഥാനം രണ്ടാം നിരയിലായി. ഇതോടെ മുതിര്‍ന്ന കേന്ദ്രകമ്മറ്റി അംഗം കൂടിയായ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സഭയിലെ രണ്ടാമനായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത സീറ്റിലാണ് കെ.രാധാകൃഷ്ണന്റെ സ്ഥാനം.
കെ.കെ. ശൈലജ, സജി ചെറിയാന്‍ എന്നിവര്‍ക്കൊപ്പമാണ് എം.വി. ഗോവിന്ദന്റെ സീറ്റ്. മന്ത്രി വീണാ ജോര്‍ജും ജി.ആര്‍.അനിലും തൊട്ടടുത്തുണ്ട്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിറങ്ങിയ എം.വി. ഗോവിന്ദന്‍ പ്രതിപക്ഷ നിരയിലെത്തി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. മുന്‍പു പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയാകാന്‍ മന്ത്രിസ്ഥാനം രാജിവച്ചപ്പോള്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. അതേ നിലപാടിലാണ് എം.വി. ഗോവിന്ദനും. കഴിഞ്ഞ സഭയിലെ സ്പീക്കര്‍ മന്ത്രിയായപ്പോള്‍ മുന്‍നിരയില്‍ തന്നെ സീറ്റ് നല്‍കി. മന്ത്രിമാരായ പി. രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് ഇരിപ്പിടം.