ആലപ്പുഴ- തുമ്പോളിയിലെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ നവജാതശിശുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രസവിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച യുവതി ഇതുവരെ ഇക്കാര്യം സമ്മതിച്ചിട്ടില്ല. കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാനും യുവതി തയാറാകുന്നില്ലെന്ന് പോലീസ് പറയുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്ത് കുഞ്ഞിനെ ശിശുപരിചരണകേന്ദ്രത്തിലേക്കു മാറ്റാനാണ് ഒടുവില്‍ തീരുമാനം. പോലീസ് അന്വേഷണ റിപ്പോര്‍ട്ടും കുട്ടി പൂര്‍ണ ആരോഗ്യം കൈവരിച്ചതായുള്ള ഡോക്ടറുടെ സാക്ഷ്യപത്രവും ലഭിച്ചശേഷമായിരിക്കും ഇതിനുള്ള നടപടി.
തീവ്രപരിചരണവിഭാഗത്തിലാണെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഉറുമ്പു കടിച്ചിട്ടുള്ളതിനാല്‍ ഒരാഴ്ചകൂടി ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ അതു നിഷേധിക്കുകയാണ്. അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ പൊലീസിനോട് സിഡബ്ല്യുസി ആവശ്യപ്പെട്ടു. ഒരേ ആശുപത്രിയിലാണ് കുഞ്ഞും യുവതിയും ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച രാവിലെയാണു തുമ്പോളി വികസനം ജങ്ഷനുസമീപം, ജനിച്ചയുടനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ഇതരസംസ്ഥാനഴിലാളികളാണ് കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കടപ്പുറം വനിതാശിശു ആശുപത്രിയിലെത്തിക്കുകയായിരുന്നു.