മധുര- പഴനി യാത്രയ്ക്കിടെ ദിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഒന്‍പതു വയസുകാരന്‍ കൂടി മരിച്ചു. അപകടത്തില്‍ മരിച്ച ജയയുടെ ചെറുമകന്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മധുര മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം ദിണ്ടിഗലില്‍ അപകടത്തില്‍പ്പെട്ടത്. കുര്യാത്തി റൊട്ടിക്കടമുക്ക് പണയില്‍ വീട്ടില്‍ അഭിജിത്തിന്റെയും സംഗീതയുടെയും മകന്‍ ഒന്നര വയസ്സുകാരന്‍ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേര്‍ച്ചയ്ക്കായാണ് കുടുംബാംഗങ്ങള്‍ പഴനിയിലേക്കു പോയത്. ട്രെയിന്‍ റിസര്‍വേഷന്‍ ലഭിക്കാത്തതിനാല്‍ അവസാനം കാറില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാര്‍ വാടകയ്‌ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനായിരുന്നു വാഹനമോടിച്ചത്. അപകടത്തില്‍ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകനാണ് ഇപ്പോള്‍ മരിച്ച ഒമ്പതു വയസ്സുകാരനായ സിദ്ധാര്‍ഥ്. അഭിജിത്തിന്റെ അച്ഛന്‍ അശോകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.