തിരുവനന്തപുരം- സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി പ്രചാരണം. സിപിഎമ്മുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് ഈ പ്രചാരണം നടത്തുന്നതെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല. കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷിക്കുന്നുവെന്നാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ഇന്നലെ പുറത്തുവിട്ട വിവരം.
പ്രചാരണം ഇങ്ങനെ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന്റെ ആലോചനയില്‍ കഴക്കൂട്ടം സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കെടുത്തിരുന്നു. ഇയാള്‍ മേനംകുളം സ്വദേശിയെക്കൊണ്ട് കൃത്യം ചെയ്യിച്ചു. അക്രമി എത്തിയ മോഡലിലുള്ള ചുവന്ന സ്‌കൂട്ടര്‍ ഇവരില്‍ ഒരാളുടെ ബന്ധുവിനുണ്ട്. അതേസമയം, ഈ സംശയങ്ങള്‍ സ്ഥിരീകരിക്കാനുള്ള വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതിപക്ഷ നേതാവിനുള്‍പ്പെടെ ആക്രമണ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആക്ഷേപവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവര്‍ത്തിച്ചു.