Sorry, you need to enable JavaScript to visit this website.

പ്രണയക്കെണിയുണ്ട്, പഠനം നടത്തി  തെളിഞ്ഞതാണ്- തലശേരി അതിരൂപത

തലശ്ശേരി-  ഇടയലേഖനത്തിലെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി തലശേരി അതിരൂപത. പ്രണയക്കെണികള്‍ വര്‍ധിക്കുന്നുവെന്ന് അതിരൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമര്‍ശിച്ചത്. മതസ്പര്‍ദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കെന്നായിരുന്നു തലശേരി അതിരൂപതയുടെ ഇടയലേഖനം. തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളില്‍ പെണ്‍കുട്ടികള്‍ അകപ്പെടാതിരിക്കാന്‍ ബോധവത്കരണ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തില്‍ അതിരൂപത പറഞ്ഞിരുന്നു.
എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനത്തിലാണ് പ്രണയക്കെണി പരാമര്‍ശം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് മതതീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു. ജന്മം നല്‍കി സ്‌നേഹിച്ചു വളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസഹായരാകുന്ന മാതാപിതാക്കളുടെ സങ്കടം നോമ്പുകാലത്തിന്റെ പ്രാര്‍ഥന നിയോഗമായി സമര്‍പ്പിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. ചതിക്കുഴികളില്‍ വീണു പോകാതിരിക്കാനുള്ള ബോധവല്‍ക്കരണം അതിരൂപത മതപഠന കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
അതിരൂപത പുതുതായി ആരംഭിക്കുന്ന മൂന്ന് കര്‍മ്മ പദ്ധതികളില്‍ ഒന്ന് തീവ്രവാദികളില്‍ നിന്ന് മക്കളെ സംരക്ഷിക്കുവാനുള്ള പദ്ധതിയാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ഭൂരഹിതര്‍ക്കായി ഭൂദാന പ്രസ്ഥാനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും ഇടയലേഖനത്തില്‍ ആഹ്വാനമുണ്ടെങ്കിലും പ്രണയക്കെണിയെക്കുറിച്ചാണ് പ്രധാന പരാമര്‍ശം. ഇടയലേഖനം വിവാദമായതോടെയാണ് കൂടുതല്‍ വ്യക്തത വരുത്തി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തിയത്.
 

Latest News