തിരുവനന്തപുരം-സർവ്വകാല റെക്കോർഡിലെത്തിയ പെട്രോൾ-ഡീസൽ വില വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കാൻ കമ്പനികളെ കയറൂരിവിട്ട് മോഡി സർക്കാർ അവർക്ക് വിടുപണി ചെയ്യുകയാണെന്നും സർക്കാരിനെതിരെ രാജ്യത്തെമ്പാടും ജനരോഷമുയരണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. 10 രൂപയാണ് മൂന്ന് മാസത്തിനിടെ വില വർദ്ധിച്ചത്. കമ്പനികളുടെ തോന്നിവാസത്തിന് പുറമെ എക്‌സൈസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് സർക്കാർ വക കനത്ത പ്രഹരവും ഏൽപ്പിക്കുന്നുണ്ട്. മോഡി സർക്കാർ അധികാരത്തിലേറുമ്പോൾ 3.56 രൂപയുണ്ടായിരുന്ന ഡീസലിന്റെ എക്‌സൈസ് ഡ്യൂട്ടി 17.33 രൂപയും 9.48 രൂപയുണ്ടായിരുന്ന പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി 21.48 രൂപയുമാണ്. എക്‌സൈസ് ഡ്യൂട്ടി ഇല്ലാതാക്കി പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ പെടുത്തണം. പെട്രോളിയം ഉൽപന്നങ്ങളുടെ വില നിയന്ത്രണാധികാരം സർക്കാർ തിരിച്ചെടുക്കുകയും ചെയ്യണം.
വില വർദ്ധനവഴി സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി ഒഴിവാക്കി കേരളത്തിലെ ജനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം.
മോദി സർക്കാരിന്റെ കോർപ്പറേറ്റ് ദാസ്യപ്പണിക്കെതിരെയും ജനദ്രോഹ ഭരണത്തിനെതിരെയും പ്രക്ഷോഭങ്ങളുയർത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.