Sorry, you need to enable JavaScript to visit this website.

ഇന്ധന വില വർധനവിനെതിരെ പ്രക്ഷോഭമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം- ഇന്ധനവില വർധനവിൽ എൽ.ഡി.എഫ് സർക്കാരിനു സന്തോഷമാണ് തോന്നുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വില വർധനവിന്റെ ഓഹരി അവർക്കും ലഭിക്കുന്നുണ്ട്. അതു വേണ്ടെന്നുവെച്ച് ജനത്തിന്റെ ഭാരം കുറയ്ക്കാൻ അവർ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധനവു ജനങ്ങൾക്കു മേൽ ഭാരമാകാതിരിക്കാൻ യുഡിഎഫ് സർക്കാർ നികുതി കുറച്ചതു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആക്ഷേപം ഉന്നയിച്ചത്.  
രൂക്ഷമായ ഇന്ധന വില വർധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ യു.പി.എയും യു.ഡി.എഫും ചർച്ച ചെയ്യും.  ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി യു.പി.എ-യു.ഡി.എഫ് തലത്തിൽ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
ജനജീവിതം തീർത്തും ദുസ്സഹമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ധനവില സർവകാല റെക്കോർഡിലെത്തിയിരിക്കുന്നു, പെട്രോൾ, ഡീസൽ വിലയിലെ അന്തരം കുറയുന്നു. സാമ്പത്തിക മാന്ദ്യമടക്കമുള്ള പ്രയാസങ്ങൾക്കിടയിൽ ഇന്ധന വില വർധന കൂടി ആകുന്നതോടെ ജനജീവിതം ദുസ്സഹമായെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
ജനക്ഷേമം എന്നതും ഏതാനും പേർക്കു മാത്രമായി ചുരുങ്ങുകയാണ് എൻ.ഡി.എ ഭരണത്തിനു കീഴിലെന്നു അദ്ദേഹം പറഞ്ഞു. ഇത്രയധികം നികുതി വരുമാനം ഇന്ധന വിൽപനയിലൂടെ ലഭിച്ചിട്ടും പൊതുജനങ്ങൾക്കു അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ടോയ്‌ലറ്റ് നിർമാണത്തിന്റെ പേര് പറഞ്ഞു ആളുകളെ പറ്റിക്കുകയാണ്.  യു.പി.എ സർക്കാർ കൊണ്ടുവന്ന സാമൂഹ്യക്ഷേമ പദ്ധതികൾ അടക്കം മന്ദഗതിയിലാണ്. രാജ്യത്തുണ്ടായിരുന്ന വികസനം അപ്രത്യക്ഷമായി. തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ഉണ്ടാകുന്നില്ല. യു.പി.എ സർക്കാരിന്റെ കാലത്ത് ഇന്ത്യ ചൈനയോടു വിവിധ മേഖലകളിൽ മൽസരിച്ചിരുന്ന സാഹചര്യം ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News