ദൽഹി- കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ വിജയശിൽപിയായ ക്രിസ് ഗയ്‌ലിന് വിശ്രമം നൽകിയിട്ടും പഞ്ചാബ് കിംഗ്‌സ് ഇലവന് ഐ.പി.എല്ലിൽ അഞ്ചാം വിജയം. ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയ അവസാന സ്ഥാനക്കാരായ ദൽഹി ഡെയർ ഡെവിൾസിനെ അവസാന പന്തിൽ നാല് റൺസിന് തോൽപിച്ചു. അവസാന പന്തിൽ സിക്‌സർ വേണമെന്നിരിക്കെ ഒറ്റയാനായി പൊരുതിയ ശ്രേയസ് അയ്യർ പുറത്തായി. സ്‌കോർ: പഞ്ചാബ് എട്ടിന് 143, ദൽഹി എട്ടിന് 139.
അവസാന സ്ഥാനക്കാരും ഒന്നാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടത്തിൽ അച്ചടക്കമുള്ള ബൗളിംഗിലൂടെ ദൽഹി എതിരാളികളെ എട്ടിന് 143 ലൊതുക്കിയിരുന്നു. ടീമിൽ ഇടം കിട്ടിയ പെയ്‌സ്ബൗളർമാരായ ലിയാം പ്ലങ്കറ്റിന് മൂന്നും അവേഷ് ഖാന് രണ്ടും വിക്കറ്റ് കിട്ടി. ട്രെന്റ് ബൗൾടും രണ്ടു വിക്കറ്റെടുത്തു. ഗയ്‌ലിന്റെ അഭാവത്തിൽ ഓപൺ ചെയ്ത ആരൺ ഫിഞ്ചിനെ (2) രണ്ടാം ഓവറിൽ തന്നെ അവേഷ് പുറത്താക്കി. പകരം വന്ന മായാങ്ക് അഗർവാളുമൊത്ത് (16 പന്തിൽ 21) കെ.എൽ രാഹുൽ (15 പന്തിൽ 23) രണ്ടാം വിക്കറ്റിൽ 36 റൺസ് കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ വേഗം കുറഞ്ഞ പിച്ചിൽ സ്‌കോറിംഗ് മന്ദഗതിയിലായിരുന്നു. രാഹുലിനെയും മായാങ്കിനെയും പ്ലങ്കറ്റ് മടക്കിയതോടെ പഞ്ചാബ് മുടന്തി. യുവരാജ് സിംഗിനും (15) പഴയവീര്യം പുറത്തെടുക്കാനായില്ല.
കരുൺ നായരും (32 പന്തിൽ 34) പലതവണ ജീവൻ കിട്ടിയ ഡേവിഡ് മില്ലറുമാണ് (19 പന്തിൽ 26) സ്‌കോർ നൂറ്റമ്പതിനോടടുപ്പിച്ചത്.
നാല് ബൗണ്ടറിയുമായി പത്തൊമ്പതുകാരൻ പൃഥ്വി ഷാ (10 പന്തിൽ 22) ദൽഹിക്ക് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ പൃഥ്വിയെയും പകരം വന്ന ഗ്ലെൻ മാക്‌സ്‌വെലിനെയും (10 പന്തിൽ 12) അങ്കീത് രാജ്പുത് മടക്കിയതോടെ ദൽഹിയുടെ തകർച്ച തുടങ്ങി. ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ (13 പന്തിൽ 4) ആൻഡ്രൂ ടൈ പുറത്താക്കി. യുവ ലെഗ്‌സ്പിന്നർ മുജീബ്‌റഹ്മാന്റെ ബൗളിംഗിൽ റിഷഭ് പന്തും വീഴുകയും ഡാൻ ക്രിസ്റ്റ്യൻ (6) റണ്ണൗട്ടാവുകയും ചെയ്തതോടെ അഞ്ചിന് 76 ൽ ദൽഹി പരുങ്ങി. എന്നാൽ ശ്രേയസ് അയ്യരും (45 പന്തിൽ 57) രാഹുൽ തെവാതിയയും (24) ആറാം വിക്കറ്റിലെ 47 റൺസോടെ ദൽഹിയെ വിജയത്തോടടുപ്പിച്ചു. രണ്ടോവറിൽ 21 റൺസ് മതിയായിരുന്നു ജയിക്കാൻ.
എന്നാൽ തെവാതിയയെയും പ്ലങ്കറ്റിനെയും പുറത്താക്കി പഞ്ചാബ് തിരിച്ചടിച്ചു. അവസാന ഓവറിൽ 17 റൺസ് വേണമായിരുന്നു ജയിക്കാൻ. അഫ്ഗാനിസ്ഥാന്റെ യുവ സ്പിന്നർ മുജീബിനെ സിക്‌സറിനും ബൗണ്ടറിക്കും പായിച്ച ശ്രേയസ് ജയിക്കാൻ സിക്‌സർ വേണമെന്നിരിക്കെ അവസാന പന്തിൽ പുറത്തായി.