Sorry, you need to enable JavaScript to visit this website.

യുവാക്കളില്‍ ആവേശം വിതറി ഭാരത് ജോഡോ യാത്ര; നാളെ കേരളത്തില്‍, വിപുലമായ ഒരുക്കം

തിരുവനന്തപുരം-ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വന്‍ സ്വീകരണം നല്‍കാന്‍ കെ.പി.സി.സി ഒരുങ്ങി. യുവാക്കളില്‍നിന്ന് വന്‍ പ്രതികരണമാണ് യാത്രയ്ക്ക് ലഭിക്കുന്നത്.  
നാളെ കേരളത്തില്‍ പ്രവേശിക്കുന്ന പദയാത്രയെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്. കേരളീയ കലാരൂപങ്ങളുടെ  അകമ്പടിയോടെ പാറശാലയില്‍നിന്നും രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ളവരും  യാത്രക്കൊപ്പം അണിചേരും.
നാളെ രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നു പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴു മുതല്‍ 11 വരെയും വൈകുന്നേരം നാലു മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടയിലുള്ള സമയം സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്നുപോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെ. സുധാകരന്‍, വി.ഡി. സതീശന്‍, ജോഡോ യാത്ര സംസ്ഥാന കോഓഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. യാത്രയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയാറാക്കല്‍, പ്രോഗ്രാമുകള്‍ സംഘടിപ്പിക്കല്‍, ഭക്ഷണം, താമസം എന്നിവ ക്രമീകരിക്കല്‍, യാത്ര വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കും ചിട്ടയുമായി യാത്രയെ മുന്നോട്ട് നയിക്കല്‍, പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി  കെ.പി.സി.സി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
ചുവരെഴുത്തും കൊടിതോരണങ്ങളുമായി ജാഥ കടന്നു പോകുന്ന ഇടങ്ങള്‍ അലങ്കരിച്ചുകഴിഞ്ഞു. യാത്രയുമായി ബന്ധപ്പെട്ട് വലിയ ആവേശമാണ്  കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുള്ളത്.  രാജ്യം നേരിടുന്ന വെല്ലുവിളിയും അതിന്റെ അപകടവും തിരിച്ചറിഞ്ഞ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ ജനപങ്കാളിത്തമാണ് കെ.പി.സി.സി പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 11, 12, 13, 14 തീയതികളില്‍  പര്യടനം നടത്തി 14 ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15, 16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17, 18, 19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22 ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26 നും 27 നും ഉച്ച വരെ പാലക്കാട്ടും പര്യടനം പൂര്‍ത്തിയാക്കും.  28, 29 തീയതികളില്‍ മലപ്പുറം ജില്ലയിലൂടെ കടന്ന്   കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകയില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 നു സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

 

Latest News