Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദമാം ഇന്ത്യൻ സ്‌കൂൾ: സുനിൽ മുഹമ്മദ്  കേരളത്തിൽ നിന്നുള്ള ഏക സ്ഥാനാർഥി

സുനിൽ മുഹമ്മദ്  

ദമാം - മെയ് നാലിന് നടക്കുന്ന ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിൽ എറണാകുളം സ്വദേശി സുനിൽ മുഹമ്മദ് കേരളത്തിൽ നിന്നുള്ള ഏക സ്ഥാനർഥി. ഒമ്പത് പേരടങ്ങിയ കരട് സ്ഥാനാർഥി പട്ടിക ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ വരണാധികാരി കൂടിയായ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ഇ.കെ.മുഹമ്മദ് ഷാഫി സ്‌കൂൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. പതിനയ്യായിരം വിദ്യാർഥികൾ പഠിക്കുന്ന ദമാം സ്‌കൂളിൽ ഇവരിൽ അറുപതു ശതമാനവും മലയാളികളാണ്. 
സുനിൽ മുഹമ്മദിന് പുറമെ തിരുനാവുക്കരസു, ചിന്നപ്പൻ ആരോഗ്യസാമി (തമിഴ്‌നാട്) ഡോ.ഫറാസ് മുഹമ്മദ്, സഫ്ദാർ സയീദ്, (കർണാടക), ഡോ.അത്തർ ഖമറുദ്ദീൻ, മുഹമ്മദ് ഫയാസുദ്ദീൻ, സയ്യിദ് ഇമ്രാൻ അലി (തെലങ്കാന), മുഹമ്മദ് ഫുർഖാൻ (ബിഹാർ) എന്നിവരാണ് കരട് പട്ടികയിൽ ഇടം നേടിയവർ. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി ഏപ്രിൽ 26ന് ഉച്ചക്ക് രണ്ട് വരെയാണ്. ഏപ്രിൽ 29ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കുമെന്നും മെയ് നാലിന് തെരഞ്ഞെടുപ്പ് നടക്കുമെന്നും പ്രിൻസിപ്പൽ സർക്കുലറിൽ അറിയിച്ചു. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്‌കൂൾ പരിസരം ഉപയോഗപ്പെടുത്താൻ പാടില്ലെന്ന് സർക്കുലറിൽ നിഷ്‌കർഷിക്കുന്നു.
മൊത്തം പതിനേഴു പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇതിൽ ഇന്ത്യൻ എംബസിയുടെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും മാനദണ്ഡങ്ങളുടെയും, തെരഞ്ഞെടുപ്പ് മാർഗരേഖകളുടെയും അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധനക്ക് ശേഷം യോഗ്യരായ ഒമ്പതു പേരടങ്ങുന്ന കരടു പട്ടിക പുറത്തിറക്കുകയായിരുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ അഞ്ചു പേരെ മാത്രമേ രക്ഷിതാക്കളിൽനിന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കാനാവൂ. ബാക്കി രണ്ടു പേരെ എംബസി നോമിനേറ്റ് ചെയ്യും. മാത്രമല്ല, ഇത്തവണ ഒരു വോട്ടർക്ക് ഒരു സ്ഥാനാർഥിക്കു മാത്രമേ വോട്ട് രേഖപ്പെടുത്താനും പാടുള്ളൂ. ഒരു സംസ്ഥാനത്തു നിന്ന് ഒരാൾക്കു മാത്രമേ മത്സരിക്കാനും അവകാശമുള്ളൂവെന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പറയുന്നു. 
മലയാളി സമൂഹത്തിൽ നിന്നും മത്സരമൊഴിവാക്കി സമവായത്തിലൂടെ സ്ഥാനാർഥിയെ കണ്ടെത്തുന്നതിന് മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി സുനിൽ മുഹമ്മദിനെ സ്ഥാനാർഥിയായി ഐക്യകണ്‌ഠേനെ പ്രഖ്യാപിക്കുകയും ചെയ്തു. 
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതു മുതൽ തന്നെ വിവിധ സംസ്ഥാനങ്ങളിലെ രക്ഷിതാക്കൾ ഇന്ത്യൻ സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ചേർന്ന് സ്ഥാനാർഥികളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. 

 

Latest News