റിയാദ് - പുരുഷന്മാരും പർദയിട്ട സ്ത്രീകളും തിക്കിത്തിരക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോക്ക് റിയാദിലെ സിനിമാ പ്രദർശനവുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ സിനിമാ തിയേറ്റർ ഉദ്ഘാടന വേളയിലെ ദൃശ്യം എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ അൽബാഹയിലെ അബു ഖംസ അഞ്ചു റിയാൽ കടയുടെ ഉദ്ഘാടന വേളയിലെ ദൃശ്യമാണെന്ന് ആന്റി റൂമേഴ്‌സ് അതോറിറ്റി വ്യക്തമാക്കി.
അഞ്ചു റിയാൽ കടയുടെ ഉദ്ഘാടന വേളയിലുണ്ടായ തിക്കിലും തിരക്കിലും മൂന്നു സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് റെഡ് ക്രസന്റ് എത്തി പ്രാഥമിക ചികിത്സ നൽകി. ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറും നിരവധി സമ്മാനങ്ങളും ഇവിടെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് തിരക്കിന് കാരണമായത്. വാണിജ്യ മന്ത്രാലയ പ്രതിനിധികൾ കടയിലെത്തി ഓഫറുകൾ പരിശോധിക്കുകയും പിന്നീട് കട അടപ്പിക്കുകയും ചെയ്തു.