റിയാദ് - സൗദി അറേബ്യയിൽ ക്രിസ്ത്യൻ പള്ളികൾ തുറക്കാൻ സൗദി ഭരണകൂടവും വത്തിക്കാനിലെ കത്തോലിക്കാ സഭയും തമ്മിൽ ധാരണയായതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത സൗദി ആന്റി റൂമേഴ്‌സ് അതോറിറ്റി നിഷേധിച്ചു. സൗദിയിൽ ക്രിസ്ത്യൻ പള്ളികൾ സ്ഥാപിക്കാനുള്ള ആവശ്യവുമായല്ല വത്തിക്കാൻ പ്രതിനിധി റിയാദിൽ എത്തിയതെന്നും സൗഹൃദ സന്ദർശനമായിരുന്നു ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച റിയാദിലെത്തിയ വത്തിക്കാനിലെ കർദിനാൾ ജീൻ ലൂയിസ് ടോറോനെയുമായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും മറ്റു സൗദി ഭരണ രംഗത്തെ പ്രമുഖരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ സഹിതമാണ് സൗദിയിൽ ക്രിസ്ത്യൻ പള്ളികൾ സ്ഥാപിക്കാൻ ധാരണയായി എന്ന വാർത്ത പ്രചരിച്ചത്. അക്രമവും തീവ്രവാദവും ഭീകരവാദവും നിരാകരിക്കുന്നതിലും ലോകത്ത് സമാധാനവും സുരക്ഷാ ഭദ്രതയും ഉണ്ടാക്കുന്നതിലും മതാനുയായികൾക്ക് വലിയ പങ്കുണ്ടെന്ന് കർദിനാളും രാജാവും നടത്തിയ ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ ക്രിസ്ത്യൻ പള്ളികൾ തുറക്കുന്നതിനുള്ള ഒരു കരാറും ഉണ്ടാക്കിയിട്ടില്ല.