പ്രജകളുടെ ക്ഷേമവും സമാധാനവും സന്തോഷവും ഐശ്വര്യവും മുഖ്യ ലക്ഷ്യമായി കാണുന്ന മനോഹര സങ്കൽപത്തിന്റെ ഉജ്വല ദൃഷ്ടാന്തമായി, പ്രജാതാൽപര്യത്തിന്റെ ഉദാത്ത പ്രതീകമായി മഹാബലി മലയാളി മനസ്സുകളിൽ എന്നും നിലകൊള്ളുന്നു. മധുര മനോജ്ഞ സങ്കൽപം സൃഷ്ടിക്കുന്ന സർഗകാന്തി എക്കാലത്തും നിലനിൽക്കും എന്നു പറയാതെ വയ്യ. സമതയുടെ പൂവിളി എങ്ങും ഉയരട്ടെ. പട്ടിണിയും പരിവട്ടവുമില്ലാത്ത ഐശ്വര്യ കേരളം സമൃദ്ധിയിലേക്ക് കുതിക്കട്ടെ.
ലോകമെമ്പാടുമുള്ള മലയാളികളുടെ മഹോന്നതമായ സാംസ്‌കാരികോത്സവമാണ് ഓണം. വറുതിയുടെ കർക്കടകത്തിൽ നിന്നും സമൃദ്ധിയിലേക്കള്ള യാത്രയാണ് നമ്മെ ഓണത്തിലേക്കെത്തിക്കുന്നത്. ഒരുമയുടെ പൂവിളി എന്നും നിലനിൽക്കേണ്ടതുണ്ട്. ഓണം ഐശ്വര്യങ്ങളുടെ, വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.
കർക്കടകത്തിലെ മഴക്കാലത്തിന്റെയും കഷ്ടതകളുടെയും പഞ്ഞകാലം കടന്ന് ആളുകൾ വിളവെടുപ്പും അതിന്റെ വ്യാപാരവും പുനരാരംഭിക്കുന്ന മാസമണ് ശ്രാവണ മാസം. ശ്രാവണം എന്ന പേരു ലോപിച്ചാണ് ഓണം എന്ന പേരുണ്ടായത്. പൂർണാർത്ഥത്തിൽ ഓണം ഒരു ദേശീയോത്സവമാണ്. സമത്വം എന്ന ആശയം വെച്ചുകൊണ്ട് ലോകത്ത് ദേശീയോത്സവം നടത്തുന്ന ഏക സംസ്ഥാനമാണ് കേരളം മലയാളിയുടെ സോഷ്യലിസ്റ്റ് ചിന്തയാണ് ഇതിന് കാരണം. ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും നിലനിൽപ് തന്നെ മലയാളിയുടെ സമഭാവന കൊണ്ടു കൂടിയാണ്.
ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും മഹാബലിയുമായി ബദ്ധപ്പെട്ട ഐതിഹ്യമാണ് നമുക്ക് ഓണത്തെ കുറിച്ചുള്ള കനപ്പെട്ട അറിവ്. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ആയിരുന്ന കള്ളവും ചതിയുമില്ലാത്ത ആ കാലത്തിന്റെ ഓർമയിലൂടെയാണ് നാമിന്ന് ഓണം ആഘോഷിക്കുന്നത്
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഓണാഘോഷത്തിന്റെ ആ പഴയ കാഴ്ചകൾ പല വിധത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പൂക്കളമൊരുക്കാൻ സ്വന്തം വീട്ടുപറമ്പിൽ പൂക്കൾ നട്ടുവളർത്തുന്ന മലയാളി അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കളുമായെത്തുന്ന വണ്ടി കാത്തിരിക്കുകയാണ്. ഇലക്കുമ്പിളിൽ പൂവിറുത്ത് കുട്ടികളും മുതിർന്നവരും കൂട്ടത്തോടെ നടന്നുപോകുന്ന ആ സുന്ദരമായ കാഴ്ച ഓർമയായി മാറിയത് എടുത്തുപറയേണ്ട കാര്യമാണ്. പൂക്കൾ തേടിയുള്ള യാത്രകളില്ല. കോരിത്തരിപ്പിക്കുന്ന ഓണക്കളികളില്ല. കൂടുംബാംഗങ്ങൾ കൂട്ടംകൂടുന്ന അവസ്ഥയില്ല. എല്ലാം ടി.വിയിലും മൊബൈലിലും ഓൺലൈനിലും ഒതുങ്ങി. എന്തിനധികം പറയുന്നു, സന്ധ്യ വരെ വീട്ടിലെ അടുപ്പ് പുകയില്ലെന്ന് ചുരുക്കം. സ്‌നേഹത്തിന്റെയും ഒരുമയുടെയും ഉത്സവമായ ഓണാഘോഷത്തിന്റെ സ്പിരിറ്റ് അടിസ്ഥാനപരമായി ഐക്യബോധം തന്നെയാണ്.
ആഘോഷങ്ങൾക്കപ്പുറം പാവപ്പെട്ട അയൽവാസികളെയും മറ്റും തേടിപ്പിടിച്ച് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിങ്ങനെ എത്തിച്ചു കൊടുത്ത് അവരെ സഹായിക്കണം. ഇത് തന്നെയാണ് മഹാബലി പറയുന്ന കേരളം. അല്ലാതെ ഓണക്കോടി ഉടുക്കലും ഓണസദ്യ കഴിക്കലും പുതുവസ്ത്രം ധരിക്കലും ഓണക്കളി കളിക്കലും മാത്രമല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. നമുക്ക് നല്ല വഴി വെട്ടിത്തെളിയിച്ചവർ നമ്മിൽ വലിയ ഉത്തരവാദിത്തങ്ങളും ഏൽപിച്ചിട്ടുണ്ട്.
അതൊക്കെ കണിശമായി ചെയ്തുതീർക്കേണ്ടിയിരിക്കുന്നു.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമായ ഓണം കള്ളവും ചതിയുമില്ലാതെ ഒരുമയോടെ ആഘോഷിക്കാം.
മഹാബലി എന്ന ഒരു നല്ല രാജാവിന്റെ നല്ല ഭരണ കാലത്തെ ഓർമപ്പെടുത്തി ഓരോ പൊന്നോണവും കടന്നുപോകുന്നു. സർവഗുണ സമ്പന്നനായ ഒരു ഭരണാധികാരി ജനങ്ങളുട ഹൃദയ കോവിലിൽ പ്രതിഷ്ഠിക്കപ്പെട്ടത് മഹാബലിയിലൂടെ നാം കണ്ടു. പ്രജകളുടെ ക്ഷേമവും സമാധാനവും സന്തോഷവും ഐശ്വര്യവും മുഖ്യ ലക്ഷ്യമായി കാണുന്ന മനോഹര സങ്കൽപത്തിന്റെ ഉജ്വല ദൃഷ്ടാന്തമായി, പ്രജാതാൽപര്യത്തിന്റെ ഉദാത്ത പ്രതീകമായി മഹാബലി മലയാളി മനസ്സുകളിൽ എന്നും നിലകൊള്ളുന്നു. മധുര മനോജ്ഞ സങ്കൽപം സൃഷ്ടിക്കുന്ന സർഗകാന്തി എക്കാലത്തും നിലനിൽക്കും എന്നു പറയാതെ വയ്യ. സമതയുടെ പൂവിളി എങ്ങും ഉയരട്ടെ. പട്ടിണിയും പരിവട്ടവുമില്ലാത്ത ഐശ്വര്യ കേരളം സമൃദ്ധിയിലേക്ക് കുതിക്കട്ടെ.