കോഴിക്കോട്- ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ നാലു മുതല്‍ ഏഴു വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന് വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനവും തൈര് വില്‍പ്പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്.
ഇതുകൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ്യ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണക്കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയത്. കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി. ഇത് വലിയ നേട്ടമാണെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി അറിയിച്ചു.