റിയാദ്-തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. ബ്രിട്ടന്റെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും എലിസബത്ത് രാജ്ഞിയുടെ നിര്യാണ വാര്‍ത്ത വളരെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്നും ചരിത്രത്തില്‍ അനശ്വരമായി നിലകൊള്ളുന്ന നേതൃപാടവത്തിന്റെ മാതൃകയായിരുന്നു അവരെന്നും സൗദിയും ബ്രിട്ടനും തമ്മിലുള്ള സൗഹൃദവും സഹകരണ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രമങ്ങളും വിലമതിക്കപ്പെടാനാവാത്തതാണെന്നും രാജാവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജകുടുംബത്തിനും ബ്രിട്ടനിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും ജനങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും രജാവ് സന്ദേശത്തില്‍ പറഞ്ഞു.
തന്റെ രാജ്യത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ബ്രിട്ടന്റെയും വടക്കന്‍ അയര്‍ലണ്ടിന്റെയും രാജ്ഞിയായ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞാന്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വിജ്ഞാനത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു മാതൃകയായിരുന്നു അവരെന്നും ജീവിതത്തില്‍ അവര്‍ ചെയ്ത മഹത്തായ പ്രവൃത്തികള്‍ ലോകം ഇന്ന് ഓര്‍ക്കുന്നുവെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാജകുടുംബത്തിനും ജനങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും രാജകുമാര്‍ സന്ദേശത്തില്‍ പറഞ്ഞു.