ചോദ്യം: എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ അവധിക്ക് നാട്ടില്‍ പോയതാണ്. നിശ്ചിത സമയത്തിനകം തിരിച്ചു വരാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇഖാമയുടെയും എക്‌സിറ്റ് റീ എന്‍ട്രിയുടെയും കാലാവധി കഴിഞ്ഞിട്ട് അഞ്ചു മാസമായി. ഇനി വിസിറ്റ് വിസയില്‍ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുമോ?
ഉത്തരം: എക്‌സിറ്റ് റീ എന്‍ട്രിയില്‍ പോയവര്‍ നിശ്ചിത സമയത്തിനകം തിരിച്ചു വരാതിരിക്കുകയും ഇഖാമയുടെ കാലാവധി കഴിയുകയും ചെയ്താല്‍ അവര്‍ക്ക് പിന്നീട് സൗദിയില്‍ ഏതു വിസയില്‍ വരണമെങ്കിലും മൂന്നു വര്‍ഷം കാത്തിരിക്കണം. അല്ലാതെ വരണമെങ്കില്‍ നിലവിലെ സ്‌പോണ്‍സറില്‍ നിന്ന് പുതിയ വിസ സമ്പാദിച്ച് അതില്‍ വരണം. അതല്ലാതെ വിസിറ്റ് വിസയിലായാലും മൂന്നു വര്‍ഷം കഴിയാതെ വരാന്‍ കഴിയില്ല.
എക്‌സിറ്റ് റീ എന്‍ട്രിയിലിരിക്കേ
ജോലി നഷ്ടമായാല്‍
ചോദ്യം: ഞാന്‍ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ വര്‍ഷം എക്‌സിറ്റ് റീ എന്‍ട്രിയില്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ സ്‌പോണ്‍സര്‍ സ്‌കൂള്‍ അടച്ചു പൂട്ടി. പുതിയ വിസയില്‍ എനിക്ക് സൗദിയില്‍ വരുന്നതിന് തടസ്സമുണ്ടോ? ഇനി വരുന്നതിന് സ്‌പോണ്‍സറുടെ എന്‍.ഒ.സി വേണ്ടി വരുമോ? സ്‌പോണ്‍സറോട് ചോദിച്ചപ്പോള്‍ പുതിയ വിസയില്‍ വരുന്നതിന് അദ്ദേഹത്തിന് വിരോധമില്ലെന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ വിസയില്‍ വന്ന് ജോലി ചെയ്യാന്‍ കഴിയുമോ?
ഉത്തരം. എക്‌സിറ്റ് റീ എന്‍ട്രിയില്‍ പോയ ആള്‍ക്ക് എക്‌സിറ്റ് റീ എന്‍ട്രിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ സൗദിയില്‍ പുതിയ വിസയിലെത്തി ജോലി ചെയ്യണമെങ്കില്‍ മൂന്നു വര്‍ഷം കാത്തിരിക്കണം. പഴയ സ്‌പോണ്‍സര്‍ പുതിയ വിസ അനുവദിച്ചാല്‍ മൂന്നു വര്‍ഷം കാത്തിരിക്കാതെ തന്നെ വീണ്ടും സൗദിയിലെത്താം. അതിനു ശേഷം പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറിയാല്‍ മതി. അതല്ലാതെ നിശ്ചിത കാലാവധി കഴിയുന്നതിനു മുന്‍പായി സൗദിയിലെത്തി നിങ്ങള്‍ക്ക് ജോലി ചെയ്യാനാവില്ല.
വിസിറ്റ് വിസയുടെ കാലാവധി
ചോദ്യം: വിസിറ്റ് വിസയുടെ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുമോ?
ഉത്തരം: വിസിറ്റ് വിസക്ക് കലാവധി ഒരു ദിവസമേ ഉള്ളൂവെങ്കിലും രാജ്യത്ത് പ്രവേശിക്കാം. രാജ്യത്ത് പ്രവേശിച്ച ശേഷം തങ്ങണമെങ്കില്‍ വിസക്ക് കാലാവധി എത്ര ദിവസമാണോ ഉള്ളത് അത്രയും ദിവസമേ സാധിക്കൂ. അതല്ലെങ്കില്‍ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കണം. വിസയുടെ കാലാവധിക്കു ശേഷവും രാജ്യത്ത് തങ്ങുന്നത് ശിക്ഷാര്‍ഹമാണ്.