റിയാദ്- കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിന് നാളെ (ശനി) തുടക്കം കുറിക്കുമെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇതാദ്യമായാണ് മന്ത്രി ജയശങ്കര്‍ സൗദി അറേബ്യയിലെത്തുന്നത്. ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊളിറ്റിക്കല്‍, സെക്യുരിറ്റി, സോഷ്യല്‍, കള്‍ച്ചറല്‍ കോ ഓപറേഷന്‍ കമ്മിറ്റിയുടെ മന്ത്രിതല ഉദ്ഘാടന യോഗത്തില്‍ അദ്ദേഹം സംബന്ധിക്കും. സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. രാഷ്ട്രീയ, സുരക്ഷ, പ്രതിരോധ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ സഹകരണത്തെ കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാകം. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും സെക്രട്ടറി തല ചര്‍ച്ച നേരത്തെ നടന്നിരുന്നു.
യുഎന്‍, ജി 20, ജിസിസി സഹകരണത്തെ കുറിച്ചും ചര്‍ച്ചയുണ്ടാകും.
ജിസിസി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് ഫലാഹ് മുബാറക് അടക്കമുള്ള സൗദി പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.