Sorry, you need to enable JavaScript to visit this website.

മകളുടെ ഓർമക്കായി ഭാര്യയുടെ നാട്ടിൽ മഹാരാഷ്ട്രക്കാരനായ ഡോക്ടറുടെ ആശുപത്രി

ഡോ. സുരേഷ് അദ്വാനിയും ഭാര്യ റീത്തയും. ഇൻസെറ്റിൽ: ഡോ. സ്മിത

തൊടുപുഴ- എം.ഡി വിദ്യാർഥിനിയായിരിക്കെ അപകടത്തിൽ വിട്ടുപിരിഞ്ഞ മകളുടെ ഓർമക്കായി, മലയാളിയായ ഭാര്യയുടെ ജൻമനാട്ടിൽ ആശുപത്രി സ്ഥാപിച്ച് മഹാരാഷ്ട്രക്കാരനായ ലോക പ്രശസ്ത കാൻസർ വിദഗ്ധൻ. എട്ടാം വയസ്സിൽ പോളിയോ ബാധിച്ച് ശരീരം തളർന്ന ഡോ. സുരേഷ്. എച്ച്. അദ്വാനി ജൻമനാട്ടിൽനിന്നും കാതങ്ങൾ അകലെ ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ആശുപത്രി തുടങ്ങിയതിന് പിന്നിൽ ഭാര്യയുടെ നാടിനോടുള്ള ആത്മബന്ധം. തൊടുപുഴയിലെ സ്മിത മെമ്മോറിയൽ ആശുപത്രിയും ഗവേഷണ കേന്ദ്രവും രണ്ടാം വയസ്സിലേക്ക് കടക്കുമ്പോൾ അത് രണ്ട് ഭാഷകൾ തമ്മിലുള്ള ഈടുവെപ്പിന്റെ മാത്രമല്ല മകളുടെ ഓർമയുടെയും മന്ദിരം കൂടിയാണ്. ഇന്ത്യയിലെ ആദ്യ മജ്ജ മാറ്റൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്ന ഖ്യാതിയും വീൽചെയറിൽ ജീവിക്കുന്ന ഈ ആതുരസേവകനുണ്ട്. രാജ്യം അദ്ദേഹത്തിന് പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചതിന് പിന്നിലും ഈ വൈശിഷ്ട്യങ്ങൾ. 
1947 ഓഗസ്റ്റിൽ ഭാരതം സ്വതന്ത്രയാകുന്നതിനും വിഭജനത്തിനും തൊട്ടുമുമ്പ് ഇന്നത്തെ പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു സുരേഷിന്റെ ജനനം. വിഭജനാനന്തരം കുടുംബം മുംബൈയിലെത്തി. പോളിയോ തളർത്തിയ ശരീരവുമായി വീൽചെയറിൽ സുരേഷ് മുംബൈ ഗ്രാന്റ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. എം.ബി.ബി.എസിനും എം.ഡിക്കും ശേഷം വാഷ്ടിംഗ്ടണിൽ നിന്നും കാൻസർ ചികിത്സയിലും മജ്ജമാറ്റലിലും വൈദഗ്ധ്യം നേടി.
മുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിൽ സേവനം അനുഷ്ഠിക്കവെയാണ് അവിടെ നഴ്‌സായിരുന്ന തൊടുപുഴ കോടിക്കുളം ഓലിക്കൽ കുടുംബാംഗം റീത്ത, ഡോ. സുരേഷ് അദ്വാനിയുടെ ജീവിത സഖിയാകുന്നത്. ഇവരുടെ രണ്ട് മക്കളിൽ ഒരാളായിരുന്നു ഡോ. സ്മിത. എം.ഡിക്ക് പഠിക്കവെ ഒരു വാഹനാപകടം സ്മിതയുടെ ജീവൻ കവർന്നു. സ്മിതയുടെ സ്മരണക്കായി തൊടുപുഴയിൽ ആശുപത്രി സ്ഥാപിക്കണമെന്ന ആഗ്രഹം സഫലമായത് കഴിഞ്ഞ വർഷം. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന 12 നില ആശുപത്രി സമുച്ചയം ആതുരമേഖലയിൽ പിന്നോക്കം നിൽക്കുന്ന ഇടുക്കി ജില്ലക്ക് അനുഗ്രഹം കൂടിയാണ്. 320 രോഗീമുറികളും എട്ട് ഓപറേഷൻ തീയേറ്ററുകളുമടങ്ങുന്ന ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. 

Latest News