Sorry, you need to enable JavaScript to visit this website.

മാപ്പ് പറയേണ്ടത് സി.പി.എമ്മും  സര്‍ക്കാരും- ജമാഅത്തെ ഇസ്ലാമി

കണ്ണൂര്‍- സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആസൂത്രണം ചെയ്തത് സംഘ്പരിവാര്‍ കേന്ദ്രങ്ങളാണെന്ന വാര്‍ത്ത വന്നിട്ടും ജമാഅത്തെ ഇസ്ലാമി ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആടിനെ പട്ടിയാക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് യു.പി സിദ്ദീഖ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മുന്നില്‍ അപഹാസ്യരായ സി.പി.എമ്മും സര്‍ക്കാരുമാണ് മാപ്പ് പറയേണ്ടത്. ഹര്‍ത്താല്‍ വിഷയത്തില്‍ വസ്തുതകള്‍ മറച്ച് വെച്ച് ജമാഅത്തെ ഇസ്ലാമിക്കെതിരെ വ്യാജ ആരോപണം നടത്തുന്ന പി.ജയരാജന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. സി.പി.എമ്മും ഇടത് ഭരണകൂടവും ജാള്യത മറച്ച് വെക്കാനുള്ള  വെപ്രാളത്തിലാണ്. ഹര്‍ത്താലിന്റെ പിന്നിലുള്ളവരെ കുറിച്ച് പ്രാഥമിക വിവരം പോലും ലഭ്യമാകാത്ത അവസരത്തില്‍ മുസ്ലിം തീവ്രവാദം ആരോപിച്ച സി.പി.എം ഇനിയും ന്യൂനപക്ഷ പ്രേമം അഭിനയിക്കരുത്. വ്യാപകമായി പൊതുജനം തെരുവിലിറങ്ങുന്ന രൂപത്തില്‍ സോഷ്യല്‍ മീഡിയ പ്രചാരണം നടന്നിട്ടും ഹര്‍ത്താലിന്റെ പിന്നിലുള്ളവരെ കണ്ടെത്താന്‍ മതിയായ സമയം ലഭിച്ചിട്ടും.  ആഭ്യന്തര വകുപ്പിനായിട്ടില്ല എന്നത് മറച്ച് വെച്ചാണ് ജയരാജന്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ തിരിയുന്നത്. സ്വന്തം സര്‍ക്കാരിനെ സി.പി.എം ന്യായീകരിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ആര്‍.എസ്.എസിനെ വെള്ളപൂശാന്‍ മുസ്ലിം വിദ്വേഷം പാര്‍ട്ടി സെക്രട്ടറി പ്രചരിപ്പിക്കുന്നത് ഉല്‍കണ്ഠാജനകമാണ്. ജമാഅത്തെ ഇസ്ലാമി ഹര്‍ത്താലില്‍ പങ്കെടുത്തിട്ടില്ല. ഹര്‍ത്താലിന്റെ മറവിലുള്ള അക്രമണത്തില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ പങ്കാളിയായതിന്റെ പേരില്‍ ഒരു ജമാഅത്ത് പ്രവര്‍ത്തകനും പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല. ഹര്‍ത്താലിന്റെ പേരില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തതിനെയാണ് ജമാഅത്ത് ചോദ്യം ചെയ്തത്. താനൂരിലെ ആക്രമണത്തില്‍ 16 ല്‍ 13 ളം തകര്‍ക്കപ്പെട്ടത് മുസ്ലിം സഹോദരങ്ങളുടെ സ്ഥാപനങ്ങളാണെന്നിരിക്കെ ഹിന്ദു സഹോദരങ്ങളുടെ മാത്രം കടകള്‍ ആക്രമിച്ചുവെന്ന വ്യാജ പ്രചാരണം നടത്തി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് ഇടത് മന്ത്രി കെ.ടി ജലീലാണ്. താനൂരിലെ ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ സി.പി.എം ഗുണ്ടകളുടെ വിളയാട്ടം വ്യക്താമാണെന്നിരിക്കെ ജയരാജന്റെ പ്രസ്താവന മതേതര സമൂഹം തള്ളിക്കളയും. 
ദൈവിക പ്രതലത്തില്‍ നിന്ന് മനുഷ്യ വിമോചനത്തിന് വേണ്ടി പോരാടുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ കോര്‍ണര്‍ ചെയ്യാന്‍ ലോകാടിസ്ഥാനത്തില്‍ സാമ്രാജത്വം ഉപയോഗിക്കുന്ന ടൂളാണ് തീവ്രവാദ ആരോപണം. സാമ്രാജത്വ വിരുദ്ധത അവകാശപ്പെടുന്ന സി.പി.എം സാമ്രാജത്വ ഭാഷയും ടൂളും ഉപയോഗിച്ച് ഇസ്ലാമിക പ്രസ്ഥാനത്തിന് മേല്‍ തീവ്രവാദം ആരോപിക്കുന്നത് ആശയ പാപ്പരത്തം കൊണ്ടാണ്. പോലീസിലെ കാവിവല്‍ക്കരണവും ന്യൂനപക്ഷ വിരുദ്ധതയും ഗുണ്ടാ വിളയാട്ടവും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കഴിവ് കെട്ട ആഭ്യന്തര വകുപ്പിനെ ശരിയാക്കിയിട്ട് മതി ജമാഅത്തിനെ ഉപദേശിക്കല്‍. ജനകീയ സമരങ്ങളിലും മനുഷ്യാവകാശ പോരാട്ടങ്ങളിലും നീതിയുടെ പക്ഷം ചേര്‍ന്ന് പ്രതിരോധം തീര്‍ക്കാന്‍ ജമാഅത്തും അനുബന്ധ സംഘടനകളും സംരഭങ്ങളും മുന്നിട്ടിറങ്ങുന്നതാണ് സി.പി.എമ്മിന് നിരന്തരമായി പ്രകോപനമുണ്ടാവുന്നത്. 
ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശവും പ്രവര്‍ത്തന മാര്‍ഗങ്ങളും തുറന്ന പുസ്തകം പോലെ സുതാര്യമാണ്. മുക്കാല്‍ നൂറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള ജമാഅത്ത് അക്രമത്തിന്റേയും വര്‍ഗീയതയുടെയും മാര്‍ഗം ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണമെങ്കിലും വെളിപ്പെടുത്താന്‍ പി.ജയരാജനെ ജമാഅത്ത് വെല്ലുവിളിക്കുന്നു- സിദ്ദീഖ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. 
 

Latest News