Sorry, you need to enable JavaScript to visit this website.

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; സുരക്ഷാ വകുപ്പുകൾക്ക് രാജാവിന്റെ പ്രശംസ

വാഹനാപകട നിരക്ക് 19.7 ശതമാനം കുറഞ്ഞു

റിയാദ് - കുറ്റകൃത്യങ്ങളുടെ നിരക്ക് ശ്രദ്ധേയമായ നിലക്ക് കുറയുകയും രാജ്യത്ത് പൊതുവിൽ സുരക്ഷാ നിലവാരം ഉയരുകയും ചെയ്യുന്നതിലേക്ക് നയിക്കുന്ന നിലക്ക് കഠിനാധ്വാനം നടത്തിയും സേവന നിലവാരം മെച്ചപ്പെടുത്തിയും സുരക്ഷാ വകുപ്പുകൾ കൈവരിച്ച നേട്ടത്തെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രശംസിച്ചു. സുരക്ഷാ വകുപ്പുകൾ തുടർച്ചയായി നേട്ടങ്ങൾ കൈവരിച്ചതിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും മന്ത്രാലയ ജീവനക്കാർക്കും രാജാവ് നന്ദി പറഞ്ഞു. 
കഴിഞ്ഞ പത്തു മാസത്തിനിടെ സുരക്ഷാ വകുപ്പുകളുടെ പ്രവർത്തന നേട്ടങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ആഭ്യന്തര മന്ത്രി രാജാവിന് സമർപ്പിച്ചിരുന്നു. കൊലപാതകങ്ങൾ ആറര ശതമാനവും കവർച്ചകൾ രണ്ടു ശതമാനവും സായുധ കൊള്ളകൾ പത്തര ശതമാനവും മാനഭംഗങ്ങൾ പതിനാലര ശതമാനവും വാഹനാപകടങ്ങൾ 19.7 ശതമാനവും വാഹനാപകട മരണങ്ങൾ 19.1 ശതമാനവും പരിക്കേറ്റവരുടെ എണ്ണം 15.9 ശതമാനവും കുറഞ്ഞതായി ആഭ്യന്തര മന്ത്രി രാജാവിന് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. സുരക്ഷാ വകുപ്പുകളുടെ പിടിയിലായ മയക്കുമരുന്ന് കടത്തുകാരുടെ എണ്ണത്തിൽ 7.1 ശതമാനവും നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിൽ 35.5 ശതമാനവും മയക്കുമരുന്ന് പ്രതികളുടെ എണ്ണത്തിൽ 34.95 ശതമാനവും വർധനവുണ്ടായി. പത്തു മാസത്തിനിടെ 9,84,007 ഇഖാമ, തൊഴിൽ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. 
നഗരങ്ങളിലും പ്രവിശ്യകളിലും സുരക്ഷാ സൈനികരെ കൂടുതലായി വിന്യസിച്ചതും സുരക്ഷാ സൈനികരുടെ കൃത്യതയാർന്ന കൃത്യനിർവഹണവും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിനും ട്രാഫിക് പോലീസുകാർക്കും ഹൈവേ പോലീസുകാർക്കും ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കിയതും ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിച്ച് രജിസ്റ്റർ ചെയ്യുന്ന ഓട്ടോമാറ്റിക് സംവിധാനം വ്യാപകമാക്കിയതും ട്രാഫിക് പോലീസുകാർക്കും ഹൈവേ പോലീസുകാർക്കും പ്രോത്സാഹനങ്ങൾ നൽകിയതും റോഡുകളിൽ മുന്നറിയിപ്പ് നൽകുന്ന സൈൻ ബോർഡുകൾ വർധിപ്പിച്ചതും അപകട നിരക്ക് കുറയ്ക്കുന്നതിന് സഹായകമായി. 
പത്തു മാസത്തിനിടെ സുരക്ഷാ വകുപ്പുകൾ പിടികൂടിയ ഹെറോയിൻ ശേഖരത്തിൽ 393 ശതമാനവും ഹഷീഷ് ശേഖരത്തിൽ 176.5 ശതമാനവും ലഹരി ഗുളിക ശേഖരത്തിൽ 176 ശതമാനവും വർധനവുണ്ടായി. ഇഖാമ, തൊഴിൽ നിയമ ലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ 9,84,004 പേരും ഇക്കാലയളവിൽ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇക്കൂട്ടത്തിൽ 2,50,571 നിയമ ലംഘകരെ നാടുകടത്തി. 3,08,314 പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ സുരക്ഷാ വകുപ്പുകൾ പൂർത്തിയാക്കിവരികയാണ്. ഗവൺമെന്റിന് അധിക സാമ്പത്തിക ഭാരമുണ്ടാകാത്ത നിലക്ക് നിയമ ലംഘകരെ പിടികൂടി നാടുകടത്തുന്നതിന് വരും ദിവസങ്ങളിൽ സുരക്ഷാ വകുപ്പുകൾ റെയ്ഡുകൾ കൂടുതൽ ഊർജിതമാക്കുമെന്നും രാജാവിന് അയച്ച കമ്പി സന്ദേശത്തിൽ ആഭ്യന്തര മന്ത്രി പറഞ്ഞു. 

Latest News