ദോഹ- ഒക്ടോബര്‍ ഒന്ന് മുതല്‍ മാലിന്യം തരം തിരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമനടപടികള്‍ ഒഴിവാക്കുന്നതിനായി ഒക്ടോബര്‍ ഒന്നിനകം ഖരമാലിന്യം തരംതിരിക്കാനുള്ള കണ്ടെയ്‌നറുകള്‍ സ്ഥാപിക്കാന്‍ എല്ലാ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
ഖരമാലിന്യങ്ങള്‍ തരംതിരിക്കാനുള്ള മന്ത്രാലയം തീരുമാനമനുസരിച്ച് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും കമ്പനികളും മാലിന്യം തരംതിരിക്കുന്നതിനുള്ള പാത്രങ്ങള്‍ സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നതാണെന്നും തീരുമാനം നടപ്പാക്കേണ്ടിയിരുന്ന വിധത്തില്‍ നടപ്പാക്കിയില്ലെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് ഡയറക്ടര്‍ അഹമ്മദ് യൂസഫ് അല്‍ ഇമാദി പറഞ്ഞു.
ഒക്ടോബര്‍ ഒന്നു മുതല്‍, മുനിസിപ്പാലിറ്റികള്‍ നിയമ നടപടികള്‍ ആരംഭിക്കുകയും ഈ തീരുമാനം അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പൊതു ശുചിത്വം സംബന്ധിച്ച 2017ലെ 18ാം നമ്പര്‍ നിയമം അനുസരിച്ച് സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും മാലിന്യം തരംതിരിക്കാനുള്ള രണ്ട് സെറ്റ് പാത്രങ്ങള്‍ സ്ഥാപിക്കണം
മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയിലെ ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ക്കുമായി മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ ഇമാദി.
നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗ നിയമങ്ങള്‍ സംബന്ധിച്ച് 2022ലെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 143ാം നമ്പര്‍ തീരുമാനത്തെക്കുറിച്ചും ഖരമാലിന്യം തരംതിരിക്കുന്നത് സംബന്ധിച്ച് 2021ലെ 170ാം നമ്പര്‍ മന്ത്രിതല തീരുമാനത്തെക്കുറിച്ചും ബോധവല്‍ക്കരണം നടത്താനാണ് യോഗം ലക്ഷ്യമിടുന്നത്. .
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് പ്രധാനമാണെന്നും അത് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.