Sorry, you need to enable JavaScript to visit this website.

പ്രത്യാശയുടെ ചുവന്ന തേജസ്സ്

തങ്ങളുടെ നൂറാം വാർഷികമായ 2025 ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ ഏതടവും പ്രയോഗിക്കുന്ന ആർ എസ് എസിനും സംഘ്പരിവാറിനും ആ ലക്ഷ്യം നേടുക എളുപ്പമല്ല എന്നതിലേക്കാണ് ഇന്ത്യൻ രാഷ്ട്രീയം നീങ്ങുന്നത്. 
അത്തരമൊരു ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ കുതിച്ചുചാട്ടമായി 2019 ലെ തെരഞ്ഞെടുപ്പിനെ മാറ്റാമെന്ന ബിജെപിയുടെ സ്വപ്‌നങ്ങൾക്ക് തിരിച്ചടി നൽകുന്ന രീതിയിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമീപകാല ഗതിവിഗതികൾ. അടുത്ത കാലത്തു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന  തെരഞ്ഞെടുപ്പു വിധികളും വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും ശക്തമായ ഒരു സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയം വളരുന്നതിന്റെ സൂചനയാണ് നൽകുന്നത്. മോഡിയുടെ സ്വന്തം തട്ടകമായ ഗുജറാത്തായിലും എന്നും സംഘപരിവാറിന്റെ ശക്തിദുർഗമായ യുപിയായാലും സ്ഥിതി വ്യത്യസ്തമല്ല. ബിഹാർ, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, ബംഗാൾ, പഞ്ചാബ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വികാരം വളരുക തന്നെയാണ്. വരാൻ പോകുന്ന കർണാടക തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം തന്നെ കോൺഗ്രസ് നടത്തുമെന്നുറപ്പ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുഖം മിനുക്കുന്ന കോൺഗ്രസിനെയാണ് രാജ്യം കാണുന്നത്. ഇതെല്ലാം തീർച്ചയായും നല്ല സൂചനയാണ്.
ഇതിനിടയിലായിരുന്നു ഏറെ വിവാദങ്ങളോടെ സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ പൂർത്തിയായിരിക്കുന്നത്. നിർഭാഗ്യവശാൽ രാജ്യത്തെങ്ങും വളരുന്ന വർഗീയ ഫാസിസ്റ്റ് വിരുദ്ധ വികാരത്തെ അവഗണിക്കുന്ന സമീപനത്തോടെയാണ് സീതാറാം യെച്ചൂരി ഒഴികെയുള്ള പാർട്ടി നേതൃത്വം ഹൈദരാബാദിലെത്തിയത്. ഫലത്തിൽ ബിജെപിയേയും കോൺസിനേയും ഒരുപോലെ എതിർക്കുന്ന രാഷ്ട്രീയ രേഖയായിരുന്നു സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത്. അതിനുള്ള പ്രധാന കാരണമാകട്ടെ, കോൺഗ്രസുമായി ഐക്യപ്പെട്ടാൽ തങ്ങളുടെ ശക്തിയെ ബാധിക്കുമെന്ന കേരള ഘടകത്തിന്റെ പിടിവാശിപരമായ സമീപനമായിരുന്നു. എന്നാൽ ചടുലവും രാഷ്ട്രീയവുമായ ഇടപെടലോടെ ന്യൂനപക്ഷമായിട്ടും യെച്ചൂരി തന്നെ നേതൃത്വം നൽകി രേഖയിൽ വളരെ രാഷ്ട്രീയ പ്രസക്തമായ തിരുത്തലുകൾ വരുത്തുകയാണുണ്ടായത്. ഒടുവിൽ യെച്ചൂരി തന്നെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും തന്റെ ശക്തി വർദ്ധിപ്പിക്കാൻ യെച്ചൂരിക്കു കഴിഞ്ഞു.
അഖിലേന്ത്യാ തലത്തിൽ എടുത്തുപറയത്തക്ക ശക്തിയായതുകൊണ്ടൊന്നുമല്ല സിപിഎമ്മിലെ സംഭവ വികാസങ്ങൾ പ്രധാനമാകുന്നത്. 
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംഘപരിവാറിനെ തറ പറ്റിക്കുന്ന ലക്ഷ്യത്തിൽ ഏതൊരു ചെറിയ പാർട്ടിക്കും തങ്ങളുടെ റോൾ വഹിക്കാൻ കഴിയുമെന്നതിനാലാണ്. സിപിഎമ്മാകട്ടെ ദേശീയ പാർട്ടിയെന്ന അംഗീകാരം നിലവിലുള്ള പാർട്ടിയുമാണ്. മാത്രമല്ല, അഖിലേന്ത്യാ തലത്തിൽ തന്നെ ആദരവും തലയെടുപ്പുമുള്ളവരാണ് യെച്ചൂരിയും കാരാട്ടും. രാജ്യസഭയിൽ യെച്ചൂരിയുടെ പ്രകടനം വളരെ ശ്രദ്ധേയമായിരുന്നു. യെച്ചൂരി വീണ്ടും രാജ്യസഭയിലെത്താതിരിക്കാൻ ആഗ്രഹിച്ചത് പാർട്ടിയിലെ കാരാട്ട് പക്ഷം, പ്രത്യേകിച്ച് കേരളഘടകവും ആയിരുന്നു എന്നതാണ് തമാശ. എന്നാൽ ന്യൂനപക്ഷമായിട്ടും പടിപടിയായ ഇടപെടലുകളിലൂടെ ഒരു പരിധി വരെയെങ്കിലും രാഷ്ട്രീയ വിജയമാണ് യെച്ചൂരി നേടിയിരിക്കുന്നത്. അതാകട്ടെ ഇന്ത്യയിൽ വളരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനു ശക്തി പകരുമെന്നുറപ്പ്. അധികാരം കൊണ്ടും സമ്പത്തുകൊണ്ടും ഭൂരിപക്ഷം കൊണ്ടും തങ്ങളുടെ ആധിപത്യം തുടരാൻ കവിയുമെന്ന കേരള ഘടകത്തിനേറ്റ ഏറ്റവും വലിയ അടി കൂടിയാണ് ഈ വിജയം. 
വാസ്തവത്തിൽ ഒരു രാഷട്രീയ അടിത്തറയുമില്ലാത്തതായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. ബിജെപിയെ പരാജയപ്പെടുത്തലാണ് ലക്ഷ്യമെങ്കിൽ ഓരോ സംസ്ഥാനത്തും അതിനനുസൃതമായ നിലപാടുകൾ സ്വീകരിക്കുകയാണ് വേണ്ടത്. കേരളത്തിൽ ഒരിക്കലും കോൺഗ്രസുമായി കൂട്ടുകൂടില്ല, കൂടരുത് എന്നറിയാത്തവർ ആരാണ്. എന്നാൽ മിക്കവാറും മറ്റെല്ലാ സംസ്ഥാനങ്ങൡലും ഈ രാഷ്ട്രീയ നിലപാട് നടപ്പാക്കണമെങ്കിൽ കോൺഗ്രസുമായി ധാരണ വേണ്ടിവരും. അതു വേണ്ട എന്നു പറയുന്നവരാണ് യഥാർത്ഥത്തിൽ രാഷ്ട്രീയ നിലപാടുകളെ അട്ടിമറിക്കാൻ ശ്രമിച്ചത്. എന്നാൽ രഹസ്യ വോട്ടെടുപ്പ് എന്ന ബ്രഹ്മാസ്ത്രം കാര്യങ്ങളെയാകെ തകിടം മറിച്ചു. അതോടൊപ്പം മറ്റൊന്നു കൂടി പുറത്തു വന്നു. എന്തുകൊണ്ടാണ് രഹസ്യ വോട്ടെടുപ്പ് എന്ന ആവശ്യം വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞത് എന്നതാണത്. കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇപ്പോഴും ജനാധിപത്യം നിലവിലില്ല എന്നും തങ്ങളുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാൻ നേതാക്കൾ പോലും ഭയപ്പെടുന്നു എന്നതുമാണ് ഇതുവഴി പകൽ പോലെ പുറത്തു വന്നിരിക്കുന്നത്. 
പാർട്ടിയെ ജനാധിപത്യവൽക്കുക എന്ന ഉത്തരവാദിത്തവും യെച്ചൂരിക്കുണ്ട്. സ്വയം ജനാധിപത്യവൽക്കരിക്കാത്ത ഒരു പാർട്ടിക്ക് എങ്ങനെയാണ് ഒരു ജനാധിപത്യ സമൂഹത്തിൽ പ്രവർത്തിക്കാനാവുക? കേരളവും ബംഗാളുമടക്കം പാർട്ടി അധികാരത്തിലെത്തുന്ന പ്രദേശങ്ങളിലെല്ലാം അത് പ്രകടമാണ്. ആഗോള തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഭരിച്ച രാജ്യങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങൾക്കായുള്ള സമരങ്ങളായിരുന്നു എന്നു മറക്കരുത്. സ്വയം ജനാധിപത്യവൽക്കരിക്കപ്പെടാതെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളിയാവാൻ കഴിയില്ല എന്നു തിരിച്ചറിയുന്നതും നന്ന്. പാർട്ടിയുടെ അടിത്തറ ഇളകിയെന്ന കടുത്ത സ്വയം വിമർശനമൊക്കെ  രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിലുണ്ടെങ്കിലും അതിന്റെ കാരണങ്ങളിലേക്ക് വിശദമായി കടന്നതായി റിപ്പോർട്ടൊന്നും കണ്ടില്ല.
വാസ്തവത്തിൽ സമൂർത്ത സാഹചര്യങ്ങളെ സമൂർത്തമായി വിശകലനം ചെയ്യുക എന്ന മാർക്‌സിസ്റ്റ് ശൈലി ഉപേക്ഷിച്ചതാണ് ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയെ തടഞ്ഞുനിർത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം ജാതി വ്യവസ്ഥയാണെന്ന് കാണാൻ യൂറോപ്യൻ സാഹചര്യത്തിൽ മാർക്‌സ് രൂപീകരിച്ച വർഗ സമര സിദ്ധാന്തത്തെ അതേപടി വിഴുങ്ങിയ കമ്യൂണിസ്റ്റ് പാർട്ടികൾക്കായില്ല. ഇപ്പോഴുമാകുന്നില്ല. എന്തിനേറെ, സവർണ വിഭാഗങ്ങൾ അധ്വാനിക്കാത്തവരും അവർണ - ദളിത് വിഭാഗങ്ങൾ അധ്വാനിച്ചിട്ടും പട്ടിണിയില്ലാതെ ജീവിക്കാൻ കഴിയാത്തവരാണെന്നു പോലും കാണാൻ നേതാക്കൾക്കായില്ല. രാം മനോഹർ ലോഹ്യയൊക്കെ ഇക്കാര്യം വ്യക്തമായി വിലയിരുത്തിയിരുന്നു. 
രാജ്യത്തെങ്ങും നിലനിന്നിരുന്ന, ചില രൂപമാറ്റങ്ങളോടെയാണെങ്കിലും ഇപ്പോഴും നിലനിൽക്കുന്ന ഭയാനകമായ ജാതീയ പീഡനങ്ങളെ ശരിയായി വിലയിരുത്താൽ പാർട്ടിക്കായില്ല. എന്തിന്, ഡോ ബി ആർ അംബേദ്കറെ ബ്രിട്ടീഷ് ചാരനായി പോലും ആക്ഷേപിക്കുന്നതു വരെയെത്തി ഏകപക്ഷീയമായ വർഗ സമര സിദ്ധാന്തം. ഇപ്പോഴും ഈ വിഷയമുന്നയിക്കുന്നവരെ സ്വത്വവാദികൾ എന്നാക്ഷേപിക്കുന്നവരാണ് പാർട്ടിയിൽ ഭൂരിഭാഗവും, പ്രതേകിച്ച് കേരള ഘടകത്തിൽ. എന്നാലവിടേയും ഒരു പരിധി വരെ വ്യത്യസ്ത നിലപാടെടുക്കാൻ യെച്ചൂരി ശ്രമിക്കുന്നുണ്ട്. ജിഗ്നേഷ് മേവാനിക്കൊപ്പം യെച്ചൂരി പ്രത്യക്ഷപ്പെടുന്നതു തന്നെ അതിന്റെ സൂചനയാണ്. അതാണ് യെച്ചൂരിയുടെ മറ്റൊരു രാഷ്ട്രീയ പ്രസക്തി. 
ഇന്ത്യയിൽ സംഘപരിവാറിനെതിരായ പോരാട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയ ശക്തി ദളിതരാണ്. രാജ്യത്തെങ്ങും ദളിതർ ശക്തിപ്പെടുന്നുമുണ്ട്. അംബേദ്കർ രാഷ്ട്രീയം ശക്തമായി തന്നെ തിരിച്ചുവരികയാണ്. ഈ മുന്നേറ്റത്തോട് ക്രിയാത്മകമായ നിലപാടെടുക്കാൻ പാർട്ടിയെ മാറ്റിയെടുക്കുക എന്ന സമകാലിക രാഷ്ട്രീയ കടമയിൽ എത്രത്തോളം മുന്നോട്ടു പോകാൻ യെച്ചൂരിക്കാവും? സാമൂഹ്യ നീതിയിലും ജനാധിപത്യത്തിലുമധിഷ്ഠിതമായ ഈ കടമകൾ മുന്നോട്ടു കൊണ്ടു പോകുക എന്നതാണ് കാലം യെച്ചൂരിക്കു നൽകിയിരിക്കുന്ന കടമ. അതിലദ്ദേഹം വിജയിക്കുമെന്നാശിക്കുക.

Latest News