ലിസ് ട്രസ് ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ്. മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരാണ് മുൻഗാമികൾ. തകർന്ന സമ്പദ്‌വ്യവസ്ഥയും വിലക്കയറ്റവും പലിശ നിരക്ക് വർധനയും ആണ് പ്രധാനമന്ത്രി നേരിടേണ്ട കടുത്ത വെല്ലുവിളി. 2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിയുടെ കാലാവധി. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും ഇന്ധന വില നിയന്ത്രിക്കാനും അവർ എന്തു ചെയ്യുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അമേരിക്കയിൽ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയാവാനുള്ള സാധ്യതയാണ് റിഷി സുനാക്കിന്റെ തോൽവിയിലൂടെ ഇല്ലാതായത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക്് ബോറിസ് ജോൺസന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത് ലിസ് ട്രസാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ്. മാർഗരറ്റ് താച്ചർ, തെരേസ മേയ് എന്നിവരാണ് മുൻഗാമികൾ. തകർന്ന സമ്പദ്‌വ്യവസ്ഥയും വിലക്കയറ്റവും പലിശ നിരക്ക് വർധനയും ആണ് പ്രധാനമന്ത്രി നേരിടേണ്ട കടുത്ത വെല്ലുവിളി.
2025 ജനുവരി വരെയാണ് പുതിയ പ്രധാനമന്ത്രിയുടെ കാലാവധി. വിലക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിർത്താനും ഇന്ധന വില നിയന്ത്രിക്കാനും അവർ എന്തു ചെയ്യുമെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.
നിയുക്ത പ്രധാനമന്ത്രി നം.10 ന് പുറത്ത് ആദ്യ അഭിസംബോധന നടത്തുമ്പോൾ 100 ദിവസത്തെ നയപ്രഖ്യാപനത്തിലിത് സംബന്ധിച്ചും പരാമർശിക്കും. വെല്ലുവിളികളിലൂടെയാണ് ബ്രിട്ടൻ കടന്നു പോകുന്നത്. നികുതി വെട്ടിക്കുറക്കുമെന്ന് ജനത്തിന് നൽകിയ വാഗ്ദാനം ലിസ് എങ്ങനെ പാലിക്കുമെന്നും അതിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്നും കാത്തിരുന്നു കാണാം. നികുതികൾ വെട്ടിക്കുറക്കാനും ഊർജ പ്രതിസന്ധി നേരിടാനും ശക്തമായ പദ്ധതികൾ അവതരിപ്പിക്കുമെന്ന് വിജയത്തിന് ശേഷം ട്രസ് പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിക്കുറവ് പദ്ധതികളുടെ പേരിലാണ് ലിസ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ വോട്ടുകൾ സ്വന്തമാക്കിയത്.
ജീവിതച്ചെലവ് കുതിക്കുന്നതു മൂലം യു.കെ ജനത കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. വിലക്കയറ്റം അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 1.75 ശതമാനമാക്കിയതോടെയും കാര്യങ്ങൾ പരിതാപകരമായി. ഇത് കുടുംബ ബജറ്റിനെ ബാധിച്ചു. റഷ്യയുടെ ഉക്രൈൻ അധിനിവേശം മൂലം ബ്രിട്ടൻ കടുത്ത ഊർജ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. കമ്പനികളും പ്രതിസന്ധിയിലാണ്.
പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ശക്തികേന്ദ്രമായ വടക്കൻ ഇംഗ്ലണ്ടാണ് 46 കാരിയായ ട്രസിന്റെ പ്രവർത്തന മേഖല. ഓക്‌സ്ഫഡ് ബിരുദധാരിണിയായ ട്രസ് സ്വന്തമായി സോഷ്യൽ ഡെമോക്രാറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യ മേഖലക്കുള്ള പങ്കിനെ കുറിച്ച് നല്ല ബോധ്യമുണ്ട് ട്രസിന്. 1975 ൽ ഓക്സ്ഫഡിൽ ജനനം. കണക്ക് പ്രൊഫസറായ ജോൺ കെന്നത്താണ് പിതാവ്. മാതാവ് പ്രിസില്ല മേരി ട്രസ് നഴ്‌സായിരുന്നു. നാലാം വയസ്സിൽ കുടുംബം ഗ്ലാസ്‌ഗോയിലേക്കും പിന്നീട് ലീഡ്‌സിലേക്കും താമസം മാറി.
ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലയളവിലാണ് രാഷ്ട്രീയാഭിമുഖ്യമുണ്ടായത്. ഫിലോസഫിയും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും പഠനവിഷയമാക്കി. 2000 ൽ ആയിരുന്നു വിവാഹം. ഹുഗ് ഒ ലിയറിയാണ് ഭർത്താവ്. രണ്ടു കുട്ടികളുണ്ട്.
ഓക്‌സ്ഫഡ് സർവകലാശാലയിലെ മെർട്ടൺ കോളേജിൽ പഠനത്തിന് ചേർന്ന ട്രസ് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായിരുന്നു. 1996 ൽ ബിരുദം നേടിയതോടൊപ്പം കൺസർവേറ്റീവ് പാർട്ടിയിൽ അംഗമായി ചേർന്നു. ഷെൽ, കേബിൾ ആന്റ് വയർലസ് കമ്പനികളിൽ ജോലി ചെയ്ത അവർ റിഫോം എന്ന തിങ്ക് ടാങ്ക് റിസർച്ച് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ഡയരക്ടറായി. 2010 ലെ പൊതു തെരഞ്ഞെടുപ്പിൽ സൗത്ത് വെസ്റ്റ് നോർഫോക്കിൽനിന്ന് ബ്രിട്ടീഷ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2012 ൽ സ്‌റ്റേറ്റ് ഫോർ എജ്യൂക്കേഷൻ ആൻഡ് ചൈൽഡ് കെയർ പാർലമെന്ററി അണ്ടർ സെക്രട്ടറിയായി. കൺസർവേറ്റീവ് എംപിമാരുടെ ഫ്രീ എന്റർപ്രൈസ് ഗ്രൂപ്പ് സ്ഥാപിച്ച അവർ ആഫ്റ്റർ ദ കോയലിഷൻ (2011), ബ്രിട്ടാനിയ അൺചെയിൻഡ് (2012) എന്നിവയുൾപ്പെടെ നിരവധി ഉപന്യാസങ്ങളും പുസ്തകങ്ങളും രചിക്കുകയോ സഹരചന നിർവഹിക്കുകയോ ചെയ്തിട്ടുണ്ട്.
പരിസ്ഥിതി, ഭക്ഷ്യ, നഗരകാര്യ വകുപ്പുകളിലും ജോലി ചെയ്തു. ഈ പരിചയ സമ്പത്ത് പ്രചാരണ രംഗത്ത് ട്രസിന് മുതൽക്കൂട്ടായി. 2021 സെപ്റ്റംബറിൽ ബോറിസ് ജോൺസൺ സർക്കാരിൽ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടതാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ട്രസ് സ്വീകരിച്ച നിലപാടുകൾ ലോകം ശ്രദ്ധിച്ചു. പ്രസിഡന്റ് വ്‌ളാദ്മിർ പുട്ടിന്റെ വിമർശകയായ ട്രസ് റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങൾ ചുമത്താൻ മുന്നിട്ടിറങ്ങി. ബ്രെക്‌സിറ്റിന് എതിരായിരുന്നിട്ടു കൂടി യൂറോപ്യൻ യൂനിയനുമായുള്ള ബ്രെക്‌സിറ്റ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചതും ഇവരായിരുന്നു.
പ്രതികാരത്തിന്റെയും കണക്കുവീട്ടലുകളുടെയും കഥ സമീപ കാല ബ്രിട്ടീഷ് പാർലമെന്ററി ചരിത്രത്തിലുണ്ട്. ഭൂരിപക്ഷമുണ്ടായിരുന്ന ഡേവിഡ് കാമറൂണിനെ ബ്രക്‌സിറ്റ് എന്ന ആയുധമെടുത്താണ് ബോറിസ് വീഴ്ത്തിയത്. ജനകീയ അടിത്തറയുള്ള ആളായിട്ടും കാമറൂണിന്റെ വീഴ്ചയ്ക്കായി തന്ത്രങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു ജോൺസൺ. അതിന്റെ ഫലമാണ് തെരേസ മേയെ മറികടന്ന് വമ്പൻ ഭൂരിപക്ഷത്തോടെ 2019 ൽ അധികാരത്തിലെത്തിയത്. സീനിയർ നേതാക്കളെ ഒഴിവാക്കിയാണ് അദ്ദേഹം സുനാക്കിനെ ചാൻസലർ പദവിയിലേക്ക് ഉയർത്തിയത്. അതേ ബോറിസിനെ വീഴ്ത്തിയെന്ന പേരുദോഷം സുനാക്കിന്റെ മുന്നേറ്റത്തെ ബാധിക്കുന്നതാണ് ഏറ്റവും ഒടുവിൽ കണ്ടത്.
2015 ൽ രാഷ്ട്രീയത്തിലിറങ്ങിയ, ധനകാര്യ വിദഗ്ധനായ സുനാക്കിനു 2019 ൽ ചാൻസലർ പദവി നൽകിയത് ബോറിസ് ജോൺസൺ. ഒരു പുതുമുഖത്തിനു സ്വപ്നം കാണാൻ കഴിയാത്ത 'രണ്ടാമൻ' പദവി. അങ്ങനെയുള്ള ബോറിസിനെ സുനാക് പിന്നിൽ നിന്ന് കുത്തിയെന്ന വികാരം ജോൺസൺ ക്യാമ്പിലുണ്ടായിരുന്നു. സുനാക്കിന്റെ രാജിയാണ് ബോറിസിനെ പെട്ടെന്ന് വീഴ്ത്തിയത്. ഇക്കാര്യത്തിൽ സുനാക്കിനു അൽപം ധിറുതി കൂടിപ്പോയെന്നാണ് വിലയിരുത്തൽ. അൽപം കൂടി കാത്തിരുന്നെങ്കിൽ ബോറിസ് സ്വയം വീണേനേ. അങ്ങനെയെങ്കിൽ സുനാക്കിനു ബോറിസ് വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിക്കുമായിരുന്നു. ഇവിടെ സുനാക്കിന്റെ എതിരാളി ആരായിരുന്നാലും അവർക്കായിരുന്നു ബോറിസിന്റെ പിന്തുണ. ഒടുവിൽ ലിസ് ട്രസിനാണ് ആ പിന്തുണ ലഭിച്ചത്. രാജിവെച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി എം.പിമാരുടെ പിന്തുണ മുൻ ധനമന്ത്രിയായ റിഷി സുനാക്കിനായിരുന്നു. എന്നാൽ പിന്നീട് ഇതിന് ഇടിവ് സംഭവിച്ചു. അങ്ങനെയാണ് ഇന്ത്യൻ വംശജൻ സുനാക്കിനെ പിന്തള്ളി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന ലിസ് ട്രസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. അമേരിക്കയിൽ ഇന്ത്യൻ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ബ്രിട്ടനിൽ ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി പദം കൈയെത്തും ദൂരത്തിലെത്തി അകന്നു പോയത് കൈയിലിരിപ്പിന്റെ ഗുണമെന്നല്ലാതെന്ത് പറയാൻ?