മലപ്പുറം- ഏപ്രിൽ പതിനാറിന് നടന്ന അപ്രഖ്യാപിത ഹർത്താലുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി കെ.ടി ജലീൽ വീണ്ടും രംഗത്ത്. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന് നേരെയുണ്ടായ അക്രമത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയ്ത അതേ കാര്യം തന്നെയാണ് ഞങ്ങളും ചെയ്തതെന്ന് ജലീൽ പറഞ്ഞു. അന്ന് വെൽഫെയർ പാർട്ടിയും മീഡിയ വൺ ചാനലുമില്ലാത്തത് കൊണ്ട് ആരും വിവാദമാക്കിയില്ലെന്നും ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം:
അന്ന് ശിഹാബ് തങ്ങൾ ചെയ്തു; ഇന്ന് ഞങ്ങൾ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം.
2007 ആഗസ്റ്റ് 3 , അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നേരം വെളുക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച ജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. അങ്ങാടിപ്പുറത്തെ ചിരപുരാതനമായ തളിക്ഷേത്രത്തിന്റെ ഗോപുരവാതിൽ തീ കൊളുത്തി നശിപ്പിക്കാൻ ശ്രമിച്ചതിന്റെ കറുത്ത പാടുകൾ അപ്പോഴും ഒടുങ്ങാത്ത കനലോടെ പുകഞ്ഞ് നിൽക്കുന്നു. കണ്ടവർ കണ്ടവർ മൂക്കത്ത് കൈവിരൽ വെച്ച് അൽഭുതം കൂറി. പൊടിപ്പും തൊങ്ങലും ചേർത്ത വാർത്തകൾ നാടെങ്ങും പ്രചരിച്ചു. വർഗീയ മുതലെടുപ്പിനായി കുമ്മനം ഓടിയെത്തി റോഡ് പ്രതിരോധിച്ചു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിൽ അടക്കം പറച്ചിലുകൾ സജീവമായി. തൊട്ടടുത്തുള്ള മുസ്ലിം പള്ളിയിൽ എന്ത് ചെയ്യണമെന്നറിയാതെ നിഷ്‌കളങ്കരായ ഒരു പറ്റം ആളുകളും കൂടി നിൽക്കുന്നുണ്ട്. ഒരു ചെറിയ തീപ്പൊരി വീണാൽ എല്ലാം കത്തിച്ചാമ്പലാകുമെന്ന അവസ്ഥ. കൂട്ടംകൂടിനിന്നവർ ശ്വാസം അടക്കിപ്പിടിച്ച് നിൽക്കുകയാണ്. ആരും ഒന്നും പറയുന്നില്ല. പക്ഷെ എന്തൊക്കെയോ അവരുടെ മുഖത്ത് കെട്ടിനിൽക്കുന്നുണ്ട്. പരിഹാരക്രിയക്കായി ഒരു ദൂതനെ ജനങ്ങൾ തേടുന്ന ഘട്ടത്തിലാണ് ഗൗരവമാർന്ന മുഖത്തോടെ തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ശിഹാബ് തങ്ങൾ സാമൂഹ്യദ്രോഹികൾ തീകൊടുത്ത് നശിപ്പിച്ച ക്ഷേത്ര കവാടത്തിനരികിൽ വന്നിറങ്ങിയത്. എല്ലാവരും തങ്ങൾക്ക് ചുറ്റും കൂടി. എല്ലാം ഒന്ന് വീക്ഷിച്ച തങ്ങൾ, കൂടിനിന്നവരോടായി പറഞ്ഞു; ഗോപുരവാതിൽ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുക്കും. ഇത് കേട്ടവർ നെഞ്ചത്ത് കൈവെച്ച് ആശ്വാസം പ്രകടിപ്പിച്ചു. നിധിയിലേക്കുള്ള ആദ്യ സംഭാവന സാദിഖലി തങ്ങൾ നൽകി. എല്ലാം ശുഭകരമായി അവസാനിച്ചു. മുതലെടുപ്പ് ലക്ഷ്യമിട്ടെത്തിയ വർഗ്ഗീയ വാദികൾ ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല. അന്ന് തങ്ങളുടെ കൂടെ കുഞ്ഞാലിക്കുട്ടി സാഹിബും ഇപ്പോഴത്തെ എം.എൽ.എ ഹമീദ് സാഹിബും ഉണ്ടായിരുന്നു .
മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങൾ മാറ്റിയെന്ന് പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല. ഇരുട്ടിന്റെ ശക്തികൾ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി, ശിഹാബ് തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല. അന്നും ഇന്നും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളു. അന്ന് വെൽഫയർ പാർട്ടിയും മീഡിയ വൺ ചാനലും ഉണ്ടായിരുന്നില്ല.
ഇതിപ്പോൾ ഓർത്തത് വാട്‌സ്അപ് ഹർത്താലിനെ തുടർന്ന് താനൂരിലെ പൂർണ്ണമായും നശിപ്പിക്കപ്പെട്ട രണ്ടു ഹൈന്ദവ സഹോദരങ്ങളുടെ കടകൾ പൂർവ്വസ്ഥിതിയിലാക്കാൻ ഞങ്ങൾ മുൻകയ്യെടുത്ത് ഒരു നിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമർശിച്ച് പ്രതികരിച്ച പശ്ചാതലത്തിലാണ്. അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു, കലക്കു വെള്ളത്തിൽ മീൻ പിടിക്കാൻ. വെൽഫെയർ പാർട്ടിക്ക് എന്തും പറയാം. 'മേൽപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി' . എന്നാൽ മുസ്ലിംലീഗ് അങ്ങിനെയാണോ? സംഘി അനുകൂലികൾ കുഴിച്ച കുഴിയിൽ മുസ്ലിം ചെറുപ്പക്കാർ വീണത് പോലെ , മുസ്ലിം സമുദായത്തിലെ ചില വൈകാരികൻമാർ കുഴിച്ച കുഴിയിൽ ലീഗ് വീണുപോകരുതായിരുന്നു.
ശിഹാബ് തങ്ങൾ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങൾ താനൂരിൽ ചെയ്തിട്ടുള്ളു. ലീഗ് ചെയ്യേണ്ടിയിരുന്നത് അവർ ചെയ്യാതെ വന്നപ്പോൾ ഞങ്ങൾ ചെയ്തു. അത്രമാത്രം. ഒരു കാര്യം ലീഗ് ചെയ്താൽ അത് മതസൗഹാർദ്ദ പ്രതീകവും ലീഗേതരർ ചെയ്താൽ അത് വർഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണ്? 'ഏൽപ്പിച്ച ദൗത്യം ഒരു ജനത നിർവ്വഹിക്കുന്നില്ലെങ്കിൽ ആ ഉത്തരവാദിത്തം നിറവേറ്റാൻ നാം മറ്റൊരു സമൂഹത്തെ പകരം കൊണ്ടുവരും' (വിശുദ്ധ ഖുർആൻ) .
കത്തിനശിച്ച ഗോപുര കവാടം ശിഹാബ് തങ്ങൾ സന്ദർശിക്കുന്ന ഫോട്ടോയാണ് ഇമേജായി കൊടുത്തിട്ടുള്ളത് .