തിരുവനന്തപുരം- മുസ്‌ലിം ലീഗ് യു.ഡി.എഫ് വിടുമെന്നത് ചിലരുടെ കിനാവ് മാത്രമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. യുഡിഎഫ് വിടുന്നത് സ്വന്തം കുഴി കുഴിക്കുന്നതിന് തുല്യമാണെന്ന് ലീഗിനറിയാം. വ്യക്തിപരമായി ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനം ആ പാര്‍ട്ടി തന്നെ തള്ളിയതാണെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഉറപ്പായ അവസ്ഥയാണെന്നും മത്സരമുണ്ടാകുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത് അശോക് ഗെഹ്‌ലോട്ടിനെ പ്രസിഡന്റാക്കാനാണ്. ശശി തരൂര്‍ മത്സരിച്ചാല്‍ കേരളത്തിലുള്ളവര്‍ മനഃസാക്ഷി വോട്ട് ചെയ്യട്ടെയെന്നാണ് അഭിപ്രായം. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാന്‍ കെപിസിസി ഇറങ്ങില്ല.
ജി23 നേതാക്കളെ ഉള്‍ക്കൊളളാന്‍ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്നും സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കള്‍. അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഉള്‍ക്കൊളളാന്‍ ദേശീയ നേതൃത്വം തയാറാകണമായിരുന്നു.
ജി23 നേതാക്കളുമായി നല്ല ബന്ധം തുടരണമായിരുന്നു. ഗാന്ധി കുടുംബത്തോട് താന്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. വിമര്‍ശിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ തയാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.