Sorry, you need to enable JavaScript to visit this website.

മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച്   കേസിനെ നേരിടും -കുഞ്ഞാലിക്കുട്ടി


മലപ്പുറം- മുസ്‌ലിം ലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകമാണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ് അയച്ച സംഭവത്തെ സംബന്ധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് മുസ്ലിം ലീഗിനെതിരെയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. പൊതുവായി വന്ന ഒരു കേസാണിത്. ഏഴു പതിറ്റാണ്ടിലേറെ കാലം അന്തസോടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിർത്താൻ വേണ്ടി പ്രയത്‌നിച്ച പാർട്ടിയാണ് മുസ്്ലിം ലീഗ്. 
ഇതു ഇന്ത്യൻ ജനത അനുഭവിച്ച യാഥാഥ്യമാണ്. മതസൗഹാർദത്തിന് ഒരുപാട് സംഭാവനകൾ നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിന്റെ മതേതര നിലപാടുകൾ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തെരുവുനായ ആക്രമണം കേരളത്തിൽ വലിയരീതിയിൽ ഭീഷണിയായിട്ടുണ്ട്. ഒരു കുട്ടിയുൾപ്പെടെ 20 ലേറെ പേരാണ് ഇക്കാലയളവിൽ മരിച്ചു വീണത്. സർക്കാർ വിഷയം ഗൗരവത്തോടെ കാണുന്നില്ല. സർക്കാർ പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ  പരാജയപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനത്തിലെ പാളിച്ചയാണിത്. മനുഷ്യജീവന് ഭീഷണി ഉണ്ടെങ്കിൽ സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


 

Latest News