Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ് അവസാനിച്ചു; കുവൈത്തില്‍ പരിശോധന 

കുവൈത്ത് സിറ്റി- താമസ രേഖകളില്ലാത്ത വിദേശികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കുവൈത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം ജനുവരി 29 മുതല്‍ പ്രഖ്യാപിച്ച പൊതുമാപ്പ് അനധികൃത താമസക്കാരില്‍ മൂന്നിലൊരു ഭാഗം മാത്രമാണ് പ്രയോജനപ്പെടുത്തിയതെന്ന് അധികൃതര്‍ വിലയിരുത്തുന്നു. 

പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോള്‍ 1,54,000 പേരാണ് താമസരേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്നത്. ഇവരില്‍ ഒരു ലക്ഷം പേര്‍ ഇനിയും രേഖകള്‍ ശരിയാക്കാനോ രാജ്യം വിടാനോ ബാക്കിയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അനധികൃത താമസക്കാരെ പിടികൂടുന്നതിന് പരിശോധന ആരംഭിച്ചിട്ടുണ്ട്. വരും താമസങ്ങളില്‍ ആഭ്യന്തര വകുപ്പ് പരിശോധന ശക്തമാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റെയ്ഡ് നടത്തുമെന്നും നിയമവിരുദ്ധമായി തങ്ങുന്നവരെ പിടികൂടുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാനും പിഴയടച്ച് രേഖകള്‍ ശരിയാക്കാനും ആദ്യം 25 ദിവസമാണ് അനുവദിച്ചിരുന്നത്. പിന്നീട് വിവിധ എംബസികളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് രണ്ട് മാസം നീട്ടി. 
27,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി കുവൈത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 15,000 പേര്‍ നാട്ടിലേക്ക് മടങ്ങുകയും 5000 പേര്‍ താമസ രേഖകള്‍ ശരിയാക്കുകയും ചെയ്തു. പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ എംബസി 11,000 ഔട്ട്പാസുകള്‍ വിതരണം ചെയ്തിരുന്നു. പ്രവാസി സംഘടനകള്‍ ഇന്ത്യക്കാര്‍ക്കായി വിവിധ കേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ഒരുക്കിയിരുന്നു.
 

Latest News