പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ തിരക്കഥയെഴുതിയ മലയാള സിനിമയായ പെരുന്തച്ചനിൽ നായകൻ തിലകൻ പറയുന്ന ഡയലോഗുണ്ട്. മരം മുറുക്കുന്നതിന് മുമ്പ് അതിൽ കൂടുകെട്ടി താമസിക്കുന്ന പക്ഷികളോട് ആനുവാദം ചോദിക്കണമെന്ന്.
പ്രകൃതിയുമായി എത്രമാത്രം അടുത്തും ബഹുമാനിച്ചുമാണ് ഒരു കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നത് എന്നതിന്റെ തെളിവാണ് ഈ ഡയലോഗ്.ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും തുല്യ അവകാശമാണിവിടെയുള്ളതെന്ന മഹത്തായ സന്ദേശം നൽകിയ ബേപ്പൂർ സുൽത്താന്റെ നാട് കൂടിയാണിത്.മരങ്ങൾ എന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന ഘടകങ്ങൾ മാത്രമല്ലെന്നും അത് ഒരുപാട് ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണെന്നും തിരിച്ചറിഞ്ഞ് ജീവിച്ച ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു.അവർ നൽകിയ പാഠങ്ങളൊന്നും പിന്നീട് വന്നവർ പഠിച്ചില്ല.അതിന് പുതിയ തെളിവാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് വി.കെ.പടിയിൽ പക്ഷികളോട് കാണിച്ച ക്രൂരത.
ദേശീയപാത വികസനത്തിനായി റോഡരുകിലെ മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ, കരാറെടുത്ത കമ്പനിയുടെ ലക്ഷ്യം പണി വേഗത്തിൽ പൂർത്തിയാക്കുകയെന്നത് മാത്രമാണ്.ആ ലക്ഷ്യത്തിന് മുന്നിൽ പക്ഷെ, അവർക്ക് നഷ്ടപ്പെട്ടത് മനുഷ്യത്വമാണ്.റോഡരുകിലെ മരം വെട്ടിമാറ്റുമ്പോൾ അതിന് മുകളിൽ കൂടുകെട്ടിയ നൂറ് കണക്കിന് പക്ഷികളെ കുറിച്ചും അവയുടെ കുടുംബങ്ങളെ കുറിച്ചും അവർ ആലോചിച്ചില്ല.യാതൊരു മുന്നറിയിപ്പുമില്ലാതെ യന്ത്രങ്ങൾ കൊണ്ട് മരം അടിയിൽ നിന്ന് മുറിച്ചിടുകയായിരുന്നു.മരത്തിനൊപ്പം നിലം പൊത്തിയത് നിരവധി പക്ഷിക്കൂടുകളാണ്.അതിനുള്ളിൽ പറക്കമുറ്റാത്ത നിരവധി കുഞ്ഞുങ്ങൾ,വിരിയാറായ മുട്ടകൾ..ജീവന്റെ തുടിപ്പുമായി നിലത്തു വീണ് ചിതറി.ചത്തൊടുങ്ങിയത് നൂറുകണക്കിന് ജീവനുകളാണ്.
പെരുന്തച്ചന്റെ ഡയലോഗിനെ തമാശയായി കാണുന്നവരുണ്ടാകാം. പക്ഷികളോട് എങ്ങിനെയാണ് അനുവാദം ചോദിക്കുകയെന്നത് തമാശയായി തോന്നാം.എന്നാൽ മരം മുറിക്കുന്നത് ഘട്ടംഘട്ടമായിട്ടാകണം എന്നതാണ് പക്ഷികളോട് ചോദിക്കുന്ന അനുവാദം.ഗ്രാമങ്ങളിലെ,വിദ്യാഭ്യാസമില്ലാത്ത പഴയ മരം മുറിക്കാർ പലപ്പോഴും ഈ മനുഷ്യത്വം കാട്ടാറുള്ളവരാണ്.പക്ഷിക്കൂടുകളുള്ള മരങ്ങളാണ് മുറിക്കുന്നതെങ്കിൽ ആദ്യം കൂടില്ലാത്ത ഏതാനും ചില്ലകൾ മുറിച്ച് പക്ഷികൾക്ക് മുന്നറിയിപ്പ് നൽകും.പറന്നു പോകാൻ കഴിയുന്നവയാണെങ്കിൽ അവക്ക് അതിന് അവസരം നൽകും.പക്ഷി കുഞ്ഞുങ്ങൾ പിറന്ന്, പറക്കാറാകുന്നത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിലാണ്.ഇത്രയും നാൾ കാത്തിരിക്കാനുള്ള ക്ഷമകാണിക്കുന്ന ജോലിക്കാരും നമുക്ക് ചുറ്റുമുണ്ട്.
നിർമാണ മേഖലയിൽ കാണുന്ന പുതിയ മനോഭാവത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് വി.കെ.പടിയിലേത്.കാലാവസ്ഥയെ പരിഗണിക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ പലപ്പോഴും പ്രകൃതിക്കും ജീവജാലങ്ങൾക്കും ഉണ്ടാക്കുന്ന നാശം ചെറുതല്ല.കേരളത്തിൽ മൺസൂൺ മാസം ചരിത്രത്തോടൊപ്പമുള്ളതാണ്.മഴക്കാലത്ത് പ്രകൃതിയിലെ മാറ്റങ്ങൾ വ്യത്യസ്തവും സുപ്രധാവുമാണ്.ദേശാടനക്കിളികൾ പലതും മരങ്ങളിൽ കൂട്ടത്തോടെ ചേക്കാറുന്ന കാലം.കൂടുകെട്ടി അവ വംശവർധന നടത്തുന്നതും ഇക്കാലത്താണ്.
പ്രത്യേകിച്ച്,നീർക്കാക്കകൾ,കൊറ്റികൾ തുടങ്ങിയ വയൽപ്രദേശങ്ങളുമായി ചേർന്ന് ജീവിക്കുന്ന പക്ഷികൾ.മഴക്കാലത്ത് നാട്ടിൻ പുറങ്ങളിലെ മരങ്ങളിൽ ഇവ കൂട്ടിമായി താമസിക്കുന്നത് കാണാം.പലപ്പോഴും ഇത്തരം മരങ്ങൾക്ക് താഴെ നിൽക്കുന്നത്,അവയുടെ കാഷ്ഠം വീഴുമെന്നതിനാൽ, അരോചകമായി തോന്നാറുണ്ടെങ്കിലും, മൺസൂൺ മാസത്തിൽ അത്തരം പക്ഷികളുടെ വംശത്തിന്റെ നിലനിൽപ്പ് പ്രധാനാണ്.
തണുപ്പു കാലം തുടങ്ങുന്നതോടെ കുഞ്ഞുങ്ങളുമായി അവ മറ്റെവിടേക്കെങ്കിലും പറന്നു പോകുന്നതാണ് പതിവ്.ഇത്തരത്തിലുള്ള ജൈവ സവിഷശേഷതകൾ ഉണ്ടെന്നിരിക്കെ,അതൊന്നും ഗൗനിക്കാതെയുള്ള വികസന പ്രവർത്തനങ്ങൾ ജൈവ സമ്പത്തിന് വെല്ലുവിളി ഉയർത്തുന്നത്.
വി.കെ.പടിയിലെ ക്രൂരതക്കെതിരെ വനം വകുപ്പ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.വനം വകുപ്പിന്റെ അനുമതിയില്ലാതെ മരം മുറിച്ച തൊഴിലാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. അതൊന്നും ആ പക്ഷിക്കുടുംബങ്ങളുടെ സങ്കടങ്ങൾക്ക് പകരമാകില്ല.ഭൂമിയുടെ അവകാശികളായ അവർക്കും ജീവിക്കാനുള്ള അവസരമാണ് മനുഷ്യർ നഷ്ടപ്പെടുത്തുന്നത്.
ആർത്തി പൂണ്ട വികസനത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് മനുഷ്യൻ വീണ്ടും പ്രദർശിപ്പിക്കുന്നത്.നിയമനടപടികൾ കൊണ്ടും പാഠം പഠിക്കാത്ത തലമുറ ക്രൂരതയുടെ പര്യായമായി ഇവിടെ ഉണ്ടാകും.യന്ത്രക്കൈകൾ കൊണ്ട് മരങ്ങൾ പിഴുതുമാറ്റുമ്പോൾ അവർ ഓർക്കുന്നില്ല, ആ മരത്തിന് മുകളിലുള്ളതും ജീവിതങ്ങളാണെന്ന്, തങ്ങൾക്കുള്ളതു പോലുള്ള കുടുംബങ്ങളാണെന്ന്.റോഡിൽ തെറിച്ചു വീണ ചോരകുഞ്ഞുങ്ങളും വിരിയാറായ മുട്ടുകളും വീഡിയോ സന്ദേശമായി എക്കാലത്തും നമുക്ക് ചുറ്റുമുണ്ടാകും.ആ ദൃശ്യങ്ങൾ മനുഷ്യനെ അവന്റെ ക്രൂരതയെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.അത് കണ്ട് സങ്കടപ്പെടാതെ മറ്റേതെങ്കിലും ലക്ഷ്യത്തിലേക്ക്,നിസ്സഹായരായി പക്ഷികൾ പറന്നു കൊണ്ടിരിക്കും.