പാലക്കാട്- കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റക്ക് തടഞ്ഞിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മരണയോട്ടം നടത്തി സര്‍വീസ് നടത്തിയ 'രാജപ്രഭ' ബസ് തടഞ്ഞിട്ടത്.
രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍നിന്ന് വന്ന ബസ് തൊട്ടുരുമ്മി കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്. കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതോടെ സാന്ദ്രക്ക് പ്രാണരക്ഷാര്‍ഥം വാഹനം ചാലില്‍ ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു.
സാന്ദ്ര പിന്തുടര്‍ന്ന് ബസ് തടയുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണ്‍ കുത്തിവച്ച നിലയിലായിരുന്നു ഡ്രൈവര്‍. സാന്ദ്ര സംസാരിക്കുമ്പോഴും ഇത് ചെവിയില്‍നിന്ന് അഴിച്ചു മാറ്റാന്‍ ഡ്രൈവര്‍ തയാറായില്ല. ഈ പെരുമാറ്റം വേദനിപ്പിച്ചുവെന്ന് സാന്ദ്ര പറഞ്ഞു. അതേസമയം സാന്ദ്ര ബസ് തടഞ്ഞു നിര്‍ത്തി സംസാരിക്കുമ്പോഴും ബസിലെ ഒരു യാത്രക്കാരന്‍ ഒഴികെയുള്ളവരോ വഴിയാത്രക്കാരോ പിന്തുണക്കാന്‍ എത്തിയില്ല. ഒരു യാത്രക്കാരന്‍ മാത്രമാണ് അഭിനന്ദിച്ചതെന്ന് സാന്ദ്ര പറഞ്ഞു. ആണ്‍കുട്ടികളെ പോലെ ഗുണ്ടായിസം കാണിക്കുകയാണോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു.